ആലപ്പുഴ: പ്രൗഢി നഷ്ടപ്പെട്ട് കാടുകയറി സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയ ആലപ്പുഴ നഗരചത്വരം പഴയ പ്രതാപത്തിലേക്ക് തിരിച്ച് വരാനൊരുങ്ങുന്നു. പൊതുപരിപാടികളും വിവാഹങ്ങളുമടക്കം നടത്താവുന്ന തരത്തിൽ ചത്വരം മോടി പിടിപ്പിക്കുന്ന ജോലികൾ പുരോഗമിക്കുന്നു. നവീകരിക്കുന്ന ഓപ്പൺ സ്റ്റേജ്, വിശാലമായ പവലിയൻ, ടോയ്‌ലെറ്റ് ബോക്കുകൾ, കമാനം, കുട്ടികളുടെ പാർക്ക്, പുൽത്തകിടി, പൂന്തോട്ടം എന്നിവയോടെയാണ് നഗരചത്വരത്തിന്റെ മുഖം മാറുന്നത്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണം.

നഗരത്തിന്റെ പ്രധാന സമ്മേളന നഗരിയായിരുന്ന മുനിസിപ്പൽ മൈതാനം 2011ലാണ് നഗരചത്വരമായി പുനർനിർമ്മിച്ചത്. ഓപ്പൺ സ്റ്റേജ്. ഓപ്പൺ ഹാൾ, ഓഡിറ്റോറിയം, കുട്ടികളുടെ പാർക്ക്, വിശ്രമസ്ഥലം, രണ്ട് ലഘു ഭക്ഷണശാലകൾ, ലളിതകലാ അക്കാഡമി ആർട്ട്ഗാലറി എന്നിവയുൾപ്പെടുത്തിയായിരുന്നു പ്രവർത്തനം ആരംഭിച്ചത്. തുടക്കകാലത്ത് ദിവസേന മൂന്ന് പരിപാടികൾ വരെ ഇവിടെ നടന്നിരുന്നു. രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനങ്ങൾ, നെഹ്റുട്രോഫി ജലോത്സവത്തോടനുബന്ധിച്ച കലാപരിപാടികൾ, മത്സരങ്ങൾ എന്നിവയ്ക്ക് ചത്വരം സ്ഥിരം വേദിയായിരുന്നു. തുടക്കത്തിൽ കരാറുകാരന്റെ നേതൃത്വത്തിലായിരുന്നു പ്രവർത്തനം. കാലക്രമേണ വാടക കുടിശികയുമായി ബന്ധപ്പെട്ട് പ്രവ‌ർത്തനം നിലച്ചു. പിന്നീട് നഗരസഭ നേരിട്ട് പ്രവർത്തനമാരംഭിച്ചു. ഇതോടെ കാവൽക്കാർ പോലുമില്ലാതായി. ആർട്ട് ഗാലറിയുടെ വാടക മാത്രമാണ് നിലവിൽ നഗരസഭയ്ക്ക് ഇവിടെ നിന്നുള്ള ഏകവരുമാന സ്രോതസ്.

70 : നവീകരണ ചെലവ് 70 ലക്ഷം

വഴിയോര കച്ചവടക്കാരുടെ പുനരധിവാസം

എൻ.യു.എൽ.എം പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയുടെ സർവേയിൽ കണ്ടെത്തിയ തെരുവോരകച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിനായി വെൻഡിംഗ് മാർക്കറ്റും ആരംഭിക്കും. ആദ്യഘട്ടമായി സീറോ ജംഗ്ഷൻ മുതൽ കൈചൂണ്ടിവരെയുള്ള, ഗതാഗത തടസം പരമാവധി കുറയ്ക്കുന്ന തരത്തിൽ സർവേയിൽ കണ്ടെത്തിയ കച്ചവടക്കാരെയാണ് പുനരധിവസിപ്പിക്കുന്നത്. ചത്വരത്തിന്റെ തെക്കുവശം ചേർന്നു നിൽക്കുന്ന ഭാഗത്താണ് മാർക്കറ്റിന്റെ നിർമ്മാണം ലക്ഷ്യമിടുന്നത്.

.

ദ്രുതഗതിയിലാണ് നഗരചത്വരത്തിന്റെ പുനരുദ്ധാരണം പുരോഗമിക്കുന്നത്. കരാറുകാരെ ഏൽപ്പിക്കാതെ നഗരസഭയുടെ മേൽനോട്ടത്തിൽ തന്നെയാവും ഭാവി പ്രവർത്തനങ്ങൾ. വലിയ പരിപാടികളും, വിവാഹമുൾപ്പടെയുള്ള ചടങ്ങുകളും നടത്താൻ സൗകര്യമുണ്ടാവും

- കെ.ബാബു, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, ആലപ്പുഴ നഗരസഭ