 
പൂച്ചാക്കൽ : പാണാവള്ളി പഞ്ചായത്തിലെ അഞ്ചുതുരുത്തിലേക്ക് പാലം വേണമെന്ന ആവശ്യം ശക്തമാകുന്നു. വേമ്പനാട്ടു കായലിലെ കുളത്തുരുത്ത്, മൈലം തുരുത്ത്, ആഞ്ഞിലിത്തുരുത്ത്, അഞ്ചു തുരുത്ത്, നെടിയതുരുത്ത് എന്നീ ചെറു ദ്വീപുകൾ ചേർന്നതാണ് അഞ്ചു തുരുത്ത് . പാണാവള്ളി പഞ്ചായത്തിന്റെ എട്ടാം വാർഡിൽ ഉൾപ്പെട്ട ഇവിടെ നിന്നും പാണാവള്ളി ഊടുപുഴയിലേക്ക് പാലം വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. മത്സ്യബന്ധനം നടത്തിയും കക്ക വാരിയും ഉപജീവനമാർഗം കണ്ടെത്തുന്നവരാണ് ദ്വീപിലെ താമസക്കാരിലേറെയും.
പാലത്തിനായി രണ്ടു തവണ ശിലാസ്ഥാപനം നടത്തിയെങ്കിലും പിന്നീട് ഒന്നും നടന്നില്ലെന്നു മാത്രം. വള്ളങ്ങൾ മാത്രമാണ് അഞ്ചുതുരുത്ത് നിവാസികൾക്ക് യാത്രയ്ക്ക് ഏക ആശ്രയം. പഞ്ചായത്തിന്റെ സൗജന്യ കടത്തുവള്ളം രാവിലെ മുതൽ രാത്രി വരെയുണ്ടാകും. കടത്തിന്റെ പ്രവർത്തനസമയം കഴിഞ്ഞാൽ രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ പോലും മറ്റ് സംവിധാനങ്ങളില്ല. കടത്ത് സർവീസ് നടത്താൻ പഞ്ചായത്ത് പ്രതിമാസം 36000 രൂപ ചിലവിടുന്നുണ്ട്. മഴ ശക്തമാകുമ്പോൾ കുട്ടികളെ സ്‌കൂളിൽ എത്തിക്കുന്നത് ശ്രമകരമായ ദൗത്യമാണ്. ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തത കാരണം ഇതിനകം ഒട്ടേറെ കുടുംബങ്ങൾ തുരുത്ത് ഉപേക്ഷിച്ച് മറ്റ് സ്ഥലങ്ങളിലേക്ക് ചേക്കേറി. പാലം നിർമ്മാണത്തിന് അനുവദിച്ച തുക കുറവായതുകൊണ്ടാണ് കരാറുകാർ പ്രവൃത്തി ഏറ്റെടുക്കാത്തതെന്നാണറിയുന്നത്.
എന്താവശ്യത്തിനും കായൽ കടക്കണം
1.തുരുത്തിൽ ഒരു പെട്ടിക്കട പോലും ഇല്ല
2.സാധനങ്ങൾ വാങ്ങാൻ പൂച്ചാക്കലിൽ എത്തണം
3.വിദ്യാർത്ഥികളും ഏറെ ബുദ്ധിമുട്ടുന്നു
4.വള്ളം മാത്രമാണ് ഏക ആശ്രയം
88: പാണാവള്ളി ഊടുപുഴയിൽ നിന്ന് 88 മീറ്റർ മാത്രം ദൂരത്തിലാണ് അഞ്ചു തുരുത്ത്
എങ്ങുമെത്താതെ പാലം
സംസ്ഥാന സർക്കാരിന്റെ ബഡ്ജറ്റിൽ ഊടുപുഴ - അഞ്ചുതുരുത്ത് പാലം നിർമാണത്തിന് പത്ത് കോടി രൂപ അനുവദിച്ചതാണ്. 110 മീറ്റർ നീളത്തിലും എട്ട് മീറ്റർ വീതിയുള്ള പാലത്തിന് എസ്റ്റിമേറ്റും തയ്യാറായി. മണ്ണ് പരിശോധനയും പൂർത്തിയായി. പാലം പണി മാത്രം തുടങ്ങിയില്ല.
ഊടുപുഴ -അഞ്ചുതുരുത്ത് പാലം വളരെ പ്രധാനപ്പെട്ട പദ്ധതിയാണ്. നിർഭാഗ്യവശാൽ ഇന്ന് വരെ അത് യാഥാർഥ്യമായിട്ടില്ല.പാലം നിർമ്മാണം എത്രയും വേഗം ആരംഭിക്കണം.
- ആർ.ടി.സതീശൻ
മത്സ്യത്തൊഴിലാളി
അഞ്ചു തുരുത്തിലേക്കുള്ള പാലം നിർമ്മിക്കുന്നതിൽ സാങ്കേതിക പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. അത് പരിഹരിക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നു.
- ധന്യാ സന്തോഷ്
പ്രസിഡന്റ്, പാണാവള്ളി പഞ്ചായത്ത് .
വളരെ കഷ്ടപ്പാട് നിറഞ്ഞതാണ് അഞ്ചു തുരുത്തിലെ ജീവിതം. അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ല. പാലം വന്നാൽ ബാഹ്യ ലോകവുമായി അടുക്കാനാകും.
-എം.വി. ഭാസുരൻ
അഞ്ചു തുരുത്ത് നിവാസി