water

മാന്നാർ: ചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ പൈപ്പുകൾ പൊട്ടി കുടിവെള്ളം പാഴാകുന്നു. ആഴ്ചകൾ പിന്നിട്ടിട്ടും അധികൃതർ നടപടിയെടുക്കാത്തതിനാൽ കുടിവെള്ളത്തിനായി ജനങ്ങൾ നെട്ടോട്ടമോടുകയാണ്. ചെന്നിത്തല അഞ്ചാംവാർഡിൽ ഒരിപ്രം പുത്തുവിളപ്പടി വടക്കേപുളിവേലിൽ ജംഗ്‌ഷനിൽ പൈപ്പ് പൊട്ടി കുടിവെള്ളം റോഡിലൂടെ ഒഴുകാൻ തുടങ്ങിയിട്ട് ഒരു മാസമായി. 12-ാംവാർഡിൽ പുത്തൻ കോട്ടയ്ക്കകം നിലയ്ക്കൽ കോയിക്കുളത്തിനു വടക്കുവശവും നാളുകളായി പൈപ്പ്പൊട്ടിയ നിലയിലാണ്. നിരവധി തവണ പരാതികൾ നൽകിയിട്ടും അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കാത്തതിൽ ജനങ്ങൾ പ്രതിഷേധത്തിലാണ്. ജലജീവൻ പദ്ധതിയിലെ കുടിവെള്ള പൈപ്പുകളാണ് പൊട്ടിയൊഴുകുന്നത്.റോഡ് കുഴിക്കാൻ അനുമതിക്കായി ഞ് പി.ഡബ്ല്യൂ.ഡിസമീപിച്ചെങ്കിലും കെ.എസ്.ടി.പി റോഡായതിനാൽ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞ് പി.ഡബ്ല്യൂ.ഡി കൈഒഴിഞ്ഞു.വടക്കേപുളിവേലിൽ ജംഗ്‌ഷനിൽ വാട്ടർ അതോറിട്ടിയിൽ നിന്നും ബന്ധപ്പെട്ടവർ വന്ന് നോക്കിയെങ്കിലും റോഡ് കുഴിക്കാൻ അനുമതി ലഭിക്കാത്തതിനാൽ തിരികെപ്പോവുകയാണുണ്ടായതെന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.രവികുമാർ പറഞ്ഞു.