
ചേർത്തല: ബെസ്റ്റ് ഒഫ് ഇന്ത്യ റെക്കാഡ്‌സ് നേട്ടത്തിൽ ചേർത്തല ഗവ. ടൗൺ എൽ.പി.എസിലെ അദ്ധ്യാപകനും ശിഷ്യയായ നാലാം ക്ലാസ് വിദ്യാർത്ഥിനിയും.
15-ാം നിയമസഭയിലെ എല്ലാ എം.എൽ.എമാരുടെയും ഇതുവരെയുള്ള എല്ലാ കേരള മുഖ്യമന്ത്റിമാരുടെയും ജന്മദിന നോട്ട് ശേഖരിച്ചാണ് അദ്ധ്യാപകൻ അർവിന്ദ് കുമാർ പൈ റെക്കോഡിലിടം നേടിയത്. അർവിന്ദ്കുമാറിന്റെ ക്ലാസിലെ വിദ്യാർത്ഥിനിയായ ഭാഗ്യലക്ഷ്മി വിനയൻ 75 സെക്കൻഡിൽ 195 രാജ്യങ്ങളുടെ പേര് ഓർത്ത് പറഞ്ഞാണ് ബെസ്റ്റ് ഒഫ് ഇന്ത്യ യംഗ് അച്ചീവേഴ്‌സ് സർട്ടിഫിക്കറ്റ് നേടിയത്. എ.എം. ആരിഫ് എം.പി റെക്കാഡ് പ്രഖ്യാപനം നടത്തി സർട്ടിഫിക്കറ്റ് കൈമാറി.
നിരവധി റെക്കാഡുകളുടെ ഉടമയാണ് അർവിന്ദ്കുമാർ. ഗാന്ധി സ്റ്റാമ്പിന്റെ ശേഖരണത്തിനും 100ലധികം രാജ്യങ്ങളിലെ ഗാന്ധി സ്റ്റാമ്പ് ശേഖരിച്ചതിനും 2014 മുതൽ 2019 വരെ തുടർച്ചയായി 5 വർഷം ലിംകാ ബുക്ക് ഒഫ് റെക്കോർഡ്സിൽ ഇടം നേടി.ഒരു രൂപ നോട്ടിന്റെ ഏറ്റവും വലിയ ശേഖരത്തിനും മാതാവിന്റെ പിറന്നാൾ ദിനത്തിൽ കവറിൽ ഏറ്റവും കൂടുതൽ സ്റ്റാമ്പ് ഒട്ടിച്ച് (322സ്റ്റാമ്പ്)അയച്ചതിനും റെക്കാഡ് നേടിയിരുന്നു. നിലവിൽ 13 റെക്കാഡുകൾ അർവിന്ദ് കുമാർ പൈയുടെ പേരിലുണ്ട്.
പെരുമ്പളം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ കായിക അദ്ധ്യാപകനായ വിനയചന്ദ്രന്റെയും കരുവാറ്റ എൻ.എസ്.എസ് എസ്.കെ.വി യു.പി എസിലെ അദ്ധ്യാപികയായ രാജശ്രീ വിനയന്റെയും മകളാണ് ഭാഗ്യലക്ഷ്മി. ടൗൺ എൽ.പി.എസിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ഭവ്യലക്ഷ്മി സഹോദരിയാണ്.