photo
സ്കൂൾ വളപ്പിലെ ജൈവപച്ചക്കറി തോട്ടം മന്ത്രി പി. പ്രസാദ് സന്ദർശിക്കുന്നു. തൃക്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് എസ്. വിനോദ്കുമാർ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ടി.എസ് താഹ, ഹെഡ്മിസ്ട്രസ് ദീപ എന്നിവർ സമീപം

കുമാരകോടി കുമാരനാശാൻ മെമ്മോറിയൽ(കെ.എ.എം) യു.പി സ്കൂളിന് കൃഷിവകുപ്പിന്റെ പുരസ്കാരം

ആലപ്പുഴ : സ്കൂൾ വളപ്പിലെ ജൈവ പച്ചക്കറി കൃഷിയിൽ നൂറുമേനി വിളയിച്ചതിന് സംസ്ഥാന കൃഷി വകുപ്പിന്റെ 2021-22ലെ മികച്ച കാർഷിക സൗഹൃദ വിദ്യാലയത്തിനുള്ള അവാർഡ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് പല്ലന കുമാരകോടി കുമാരനാശാൻ മെമ്മോറിയൽ(കെ.എ.എം) യു.പി സ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും. ഇതാദ്യമായല്ല കൃഷിയിൽ സ്കൂൾ വിജയഗീതമെഴുതുന്നത്. 2019-20ൽ സംസ്ഥാന സർക്കാരിന്റെ വെജിറ്റബിൾ ഡെവലപ്പ്മെന്റ് പ്രോഗാമിൽ ജില്ലയിലെ മികച്ച സ്കൂളിനുള്ള അവാർഡും സ്കൂളിന് ലഭിച്ചിരുന്നു.

സ്കൂളിന്റെ കിഴക്കുഭാഗത്ത് പല്ലന ആറിനോട് ചേർന്ന 40സെന്റോളം സ്ഥലത്താണ് ജൈവ പച്ചക്കറി കൃഷി നടത്തുന്നത്. കഴിഞ്ഞ ദിവസം തൃക്കുന്നപ്പുഴ പഞ്ചായത്തിൽ കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനത്തിനെത്തിയ കൃഷിമന്ത്രി പി. പ്രസാദ് ജൈവ കൃഷിത്തോട്ടം സന്ദർശിച്ച് കുട്ടികളെയും അദ്ധ്യാപകരെയും അഭിനന്ദിച്ചു. മികച്ച കാർഷിക സൗഹൃദ വിദ്യലയത്തിനുള്ള അവാർഡ് മന്ത്രിയിൽ നിന്ന് ഹെഡ്മിസ്ട്രസ് ദീപ ഏറ്റുവാങ്ങി. വിദ്യാർത്ഥികൾ കൃഷിയിൽ തത്പരരായാൽ ഭക്ഷ്യോത്പാദനത്തിൽ സ്വയം പര്യാപ്തതയെന്ന ലക്ഷ്യം വളരെവേഗം കൈവരിക്കാനാകുമെന്ന് മന്ത്രി പറഞ്ഞു. സ്കൂൾ മാനേജ്മെന്റിന്റെയും പി.ടി.എയുടെയും സഹകരണത്തോടെ ഹെഡ്മിസ്ട്രസ് , സ്കൂൾ ഓഫീസ് അസിസ്റ്റന്റ് സന്ദീപ്, അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരുടെ കൂട്ടായ്മാണ് കൃഷി വിജയകരമാക്കിയത്.

വിശ്വസിച്ച് ഉപയോഗിക്കാം

1.കൃഷിക്ക് ഉപയോഗിച്ചത് ജൈവവളവും ജൈവകീടനാശിനിയും

2.തൃക്കുന്നപ്പുഴ കൃഷിഭവനിൽ നിന്നാണ് വിത്ത് നൽകിയത്

3. ചില ഇനം വിത്തുകൾ സ്കൂൾ അധികൃതർ പുറത്തു നിന്ന് വാങ്ങി

4.ചാണകം, വേപ്പിൻ പിണ്ണാക്ക് എന്നിവ കലർന്ന ജൈവവളമാണ് ഉപയോഗിച്ചത്

5.കീടങ്ങളെ നശിപ്പിക്കുന്നതിനുള്ള ജൈവകീടനാശിനി കൃഷിഭവനിൽ നിന്ന് നൽകി

കൃഷി ചെയ്തത്

ചീര, പടവലം, പാവൽ, വഴുതന, വെണ്ട, പച്ചമുളക്, തക്കാളി, കോവൽ, പയർ,നിത്യവഴുതന, ചേമ്പ്, മരച്ചീനി തുടങ്ങിയ ഇനത്തിൽപെട്ട വിളകളാണ് ഇറക്കിയത്.

കുട്ടികളുടെ ഉച്ചഭക്ഷണപരിപാടിയിൽ സർക്കാർ നിർദേശിച്ച വിഭവങ്ങൾക്ക് പുറമേ അധിക വിഭവമായി സ്കൂൾ വളപ്പിൽ വിളയിച്ച പച്ചക്കറി ഉപയോഗിച്ചുള്ള കറി എല്ലാ ദിവസവുംനൽകുന്നുണ്ട്. പ്രതിദിനം അഞ്ചുകിലോ പച്ചക്കറിയാണ് സ്കൂൾ വളപ്പിൽനിന്ന് ഇതിനായി എടുക്കുന്നത്

- ദീപ, ഹെഡ്മിസ്ട്രസ്