s

ആലപ്പുഴ : ഗ്രാമീണ മേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ, കേന്ദ്രസർക്കാരിന്റെ സഹായത്തോടെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുന്നതിനായി കേരള ജല അതോറിട്ടി വഴി നടപ്പാക്കുന്ന ജൽ ജീവൻ പദ്ധതി പ്രകാരം ജില്ലയിൽ 1,03,267വീടുകളിൽ കുടിവെള്ള കണക്‌ഷൻ ലഭ്യമാക്കി. ഇതിനായി 112.65 കോടി രൂപ ചിലവിട്ടു.

പദ്ധതിയുടെ ആദ്യഘട്ടത്തിൽ തൈക്കാട്ടുശേരി, ചേർത്തല, ആലപ്പുഴ, ഹരിപ്പാട്, മാവേലിക്കര ഡിവിഷനുകളുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇപ്പോഴത്തെ കണക്ക് അനുസരിച്ച് ജില്ലയിലെ 72 പഞ്ചായത്തുകളിലുമായി 2,43,925 വീടുകളിലാണ് കുടിവെള്ള കണക്‌ഷൻ ഇല്ലാത്തത്. 2024 മാർച്ച് 31ന് ജില്ലയിൽ മുഴുവൻ വീടുകളിലും കുടിവെള്ളം എത്തിക്കുന്നതിന് 691.23 കോടി രൂപ ചിലവ് വരും. പദ്ധതി കാലാവധിക്ക് മുമ്പ് പുതുതായി വീടുകൾ നിർമ്മിച്ചാൽ അവയ്ക്കും കണക്‌ഷൻ നൽകും. കേന്ദ്ര സംസ്ഥാന സർക്കാർ വിഹിതവും പഞ്ചായത്തിന്റെയും ഗുണഭോക്താവിന്റെയും വിഹിതവും ചേർത്താണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ 691.23 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. എ.പി.എൽ, ബി.പി.എൽ, പട്ടിക ജാതി, പട്ടിക വർഗ വിഭാഗം എന്നിങ്ങനെ വേർതിരിവില്ലാതെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയിലൂടെ ജില്ലയിലെ അഞ്ചുലക്ഷം ഗ്രാമീണ വീടുകളിൽ കുടിവെള്ള കണക്‌ഷൻ ലഭിക്കും.

പദ്ധതി വിഹിതം

ഗുണഭോക്താവ്:10%

പഞ്ചായത്ത് :15%

സംസ്ഥാനം: 30%

കേന്ദ് രം: 45%

ജൽജീവൻ പദ്ധതി ചിലവ് (കോടിയിൽ)

അനുവദിച്ചത്.......... ₹691.23

ചെലവഴിച്ചത്...........₹ 112.65

ജില്ലയിൽ കുടിവെള്ള കണക്‌ഷൻ ഇല്ലാത്ത വീടുകൾ.....2,43,925

ഇതുവരെ കണക്‌ഷൻ നൽകിയ വീടുകൾ ....................1,03,267

ഇനിയും കണക്‌ഷൻ നൽകാനുള്ള വീടുകൾ................1,40,658

പദ്ധതി തുടങ്ങിയത് : 2020 ആഗസ്റ്റിൽ

കാലാവധി : 2024 മാർച്ച് വരെ

'' 72 ഗ്രാമപഞ്ചായത്തുകളിലായി 112.65 കോടി രൂപ ചിലവിൽ 1,03,267 വീടുകളിൽ കുടിവെള്ള കണക്ഷൻ നൽകി. 2024 മാർച്ച് മാസത്തിൽ മുഴുവൻ വീടുകളിലും കുടിവെള്ളം എത്തിക്കും

- എസ്.എൻ. ജയരാജ്, എക്‌സി.എൻജിനിയർ, പ്രോജക്ട് ഡിവിഷൻ, ആലപ്പുഴ