ഹരിപ്പാട്: ചിങ്ങോലി ശ്രീ കാവിൽപടിക്കൽ ദേവീ ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തിനായി അണിയിച്ചൊരുക്കുന്ന കെട്ടുകാഴ്ചകളുടെ നിർമാണം അവസാനഘട്ടത്തിൽ. കുന്നേൽ ഗുരുമന്ദിരം, സാഗര ഫ്രണ്ട്‌സ്, പള്ളത്തേരിൽ, ശ്രീ പരാശക്തി, ആദി പരാശക്തി, ഭദ്രേ നാരായണ, നവജീവൻ, കാലുംകിൽ ബ്രെതെർസ്, ശക്തിനഗർ, ശ്രീ ദുർഗ, വടക്കേക്കര, മുതലക്കുളം ബ്രോതെര്സ്, തെക്കേക്കര കാളകെട്ടു സമിതി, ആയിക്കാട്ടു മൂലമുറി, തമ്പുരാട്ടി, കൊട്ടാരത്തിൽ വടക്കേക്കര കെട്ടുകാഴ്ച സമിതി എന്നീ സമിതികളുടെ നേതൃത്വത്തിൽ നൂറു അടി മുതൽ ഇരുപത്തി അഞ്ചു അടിവരെയുള്ള കെട്ടുകാഴ്ചകളും കെട്ടുകാളകളുമാണ് ക്ഷേത്രത്തിലേക്ക് എഴുന്നള്ളുന്നത്. ശിവരാത്രി മുതൽ എല്ലാ കുതിര ചുവട്ടിലും കഞ്ഞിയും മുതിരയും ആചാരപരമായി ഭക്തർക്ക് വിതരണം ചെയ്യുകയും വൈകിട്ട് ഭജനയും പ്രസാദ വിതരണവും നടക്കുന്നു. കുതിരകളെ ക്ഷേത്രത്തിലേക്ക് സ്വീകരിക്കുന്നതിനായി ഭഗവതി ജീവതയിൽ ഉച്ചക്ക് 12.മണിക്ക് എഴുന്നള്ളും. എല്ലാ കുതിര ചുവട്ടിലേയും സ്വീകരണങ്ങൾക്ക് ശേഷം വായനശാല ജംഗ്ഷനിൽ എത്തി ദേവീ ക്ഷേത്രത്തിൽ എത്തിച്ചേരും. തുടർന്ന് 6.30 നു ദീപാരാധന. വെടിക്കെട്ട്‌. 7ന് നാദസ്വരം, വിലക്കിനെഴുന്നള്ളത്ത്, തുടർന്ന് ആറാട്ട് ചിങ്ങോലി തെക്കു ആയിക്കുന്നത്തു മഠം ദേവീ ക്ഷേത്രത്തിൽ.തുടർന്ന് കൊടിയിറക്ക്. നാളെ ഉച്ചയ്ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം. ചിങ്ങോലി എൻ. ടി. പി. സി ജംഗ്ഷൻ മുതൽ കാർത്തികപ്പള്ളി ജംഗ്ഷൻ വരെ നിയന്ത്രണം ഉണ്ടാകും. താത്കാലിക അലോപ്പതി ആശുപത്രി, അടിയന്തിര ഫയർ ഫോഴ്സ് സംവിധാനം, ആവശ്യമായ പൊലീസ് സംവിധാനം, സമ്പൂർണ മദ്യ നിരോധനം എന്നിവ എം. എൽ. എ രമേശ്‌ ചെന്നിത്തലയുടെ അദ്ധ്യക്ഷതയിൽ കൂടിയ ജില്ലാ ഭരണ കൂടത്തിന്റെ തീരുമാനപ്രകാരം ഉണ്ടായിരിക്കും.