ഹരിപ്പാട്. മഹാദേവികാട് മേജർ വലിയകുളങ്ങര ദേവീക്ഷേത്രത്തിലെ അശ്വതി മഹോത്സവം ഇന്ന്. പ്രധാന ആകർഷണീയതയായ കെട്ടുകാഴ്ചകൾ നിർമ്മാണം അവസാനഘട്ടത്തിലാണ്.
ഫെബ്രുവരി പകുതിക്ക് ശേഷമാണ് കെട്ടുകാഴ്ച നിർമ്മാണത്തിന് ക്ഷേത്രത്തിൽ നിന്നും കമ്മിറ്റികൾക്ക് അനുമതി ലഭിക്കുന്നത്. കൊവിഡ് മൂലം രണ്ടു വർഷമായി പുറത്തെടുക്കാത്ത കെട്ടുകാഴ്ചകളുടെ തടികൾ പലതും ജീർണിച്ച അവസ്ഥയിലാണ്. പുനർനിർമാണത്തിനുള്ള സമയപരിമിതി മൂലം പല കെട്ടുകാഴ്ചകളും ഇത്തവണ ഉയരം കുറച്ചാണ് നിർമ്മിച്ചിരിക്കുന്നത്. തെക്കേക്കര, വടക്കേക്കര പുതുക്കുണ്ടം, എരിക്കാവ് എന്നിങ്ങനെ കരകളിൽ നിന്നായി 14 കെട്ടുകാഴ്ചകളാണ് ക്ഷേത്രത്തിൽ എത്തിച്ചേരുന്നത്. തെക്കേ കരയിൽ നിന്നും നാല് കെട്ടു കുതിരകളും വടക്കേ കരയിൽനിന്നും രണ്ടും പുതുക്കുണ്ടം കരയിൽ നിന്ന് രണ്ട് എരിക്കാവ്, പുളിക്കീഴ് എന്നിവിടങ്ങളിൽ നിന്നും ഓരോ കെട്ടുകുതിരകളാണ് ഉള്ളത്. ത്രാച്ചേരിൽ, പിള്ള കടവ്, ആലുകുന്നത്ത് എന്നിവിടങ്ങളിൽ നിന്നും പടക്കുതിരകളും പുന്നാം തറയിൽ നിന്നും കാളയും ആണ് ക്ഷേത്രത്തിൽ എത്തുന്നത്. തെക്കുംമുറി രണ്ട്, അഞ്ച്, വടക്കേക്കര ഒന്നാം നമ്പർ, പുതുക്കുണ്ടം ചെറിയ കുതിര എന്നീ കെട്ടുകാഴ്ചകൾ ഉയരം കുറച്ച് ആണ് ഇത്തവണ നിർമ്മിച്ചിരിക്കുന്നത്. അശ്വതി മഹോത്സവദിനമായ ഇന്ന് പുലർച്ചെ നാലിന് പള്ളിയുണർത്തൽ, 4.30 ഹരിനാമകീർത്തനം, 5ന് വേലൻ പാട്ട്, 6ന് സർപ്പം പാട്ട്, 8ന് സോപാനസംഗീതം, 12.30 തിരു എഴുന്നള്ളത്ത്, 4 ഓട്ടൻതുള്ളൽ, 4.30 മുതൽ കെട്ടുകാഴ്ച വരവ്,6.30 ദീപാരാധന വെടിക്കെട്ട്,8ന് സംഗീതസദസ്സ്,9ന് മേജർസെറ്റ് കഥകളി, പുലർച്ചെ അഞ്ചിന് വിളക്കിനെഴുന്നള്ളത്ത്.