rahmath
യുക്രൈനിൽ നിന്നെത്തിയ റഹ്മത്ത് മാതാവ് ബീന ഷാജിയോടൊപ്പം

മാന്നാർ: ഷെല്ലാക്രമണങ്ങളുടെ ഞെട്ടൽ, സ്ഫോടനങ്ങളുടെ ഭീതി​പ്പെടുത്തുന്ന ഓർമകൾ ഇവയെല്ലാം ഒഴി​ഞ്ഞ് ഇങ്ങകലെ നാട്ടി​ലെത്താൻ കഴി​ഞ്ഞതി​ന്റെ ആഹ്ളാദവും ആശ്വാസവും റഹ്മത്തി​ന്റെ വാക്കുകളി​ൽ നി​റയുന്നു.

'ഒരാഴ്ചയായി പുറത്തിറങ്ങാൻ കഴിയാതെ യൂണിവേഴ്സിറ്റിയുടെ ഡീൻ ഓഫീസ് ബങ്കറിലും മറ്റുമാണ് കഴി​ഞ്ഞി​രുന്നത്. പഴവർഗങ്ങളും സ്നാക്സുകളും മാത്രം കഴിച്ചായിരുന്നു വിശപ്പടക്കിയിരുന്നത്. യുക്രൈനിലെ സപൊറോസിയാ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ മൂന്നാംവർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനിയായ മാന്നാർ വിഷവർശ്ശേരിക്കര റഹ്മത്ത് മനസിൽ പി.ജെ ഷാജി - ബീനാ ഷാജി ദമ്പതികളുടെ മകളായ റഹ്മത്ത് പറയുന്നു.

ദിവസങ്ങളായി ഊണും ഉറക്കവുമില്ലാതെ മകളെയോർത്ത് ഇവി​ടെ ആശങ്കയിൽ കഴിഞ്ഞിരുന്ന ഇരുചക്രവാഹന വർക്ക്ഷോപ്പ് നടത്തുന്ന ഷാജിയും ഭാര്യയും പ്ലസ്‌ടു വിദ്യാർത്ഥിയായ മകൻ അൽത്താഫും സന്തോഷത്തി​ലാണ്.

കഴിഞ്ഞ തിങ്കളാഴ്ച യുക്രൈനിലെ സപോറോസിയയിൽ നിന്നും തിരിച്ച് അഞ്ചുദിവസത്തോളം യാത്ര ചെയ്ത് വെള്ളിയാഴ്ച രാത്രിയാണ് നെടുമ്പാശേരിയിൽ ഇറങ്ങിയത്.

മകളെ കാത്ത് മാതാപി​താക്കളും സഹോദരനും നെടുമ്പാശേരിയിൽ എത്തിയിരുന്നു.

സപോറോസിയയിൽ നിന്നും മുപ്പത്തിനാല് മണിക്കൂർ യാത്ര ചെയ്ത് ഹംഗറി​യിൽ എത്തി അവിടെനിന്നും ഗോഎയർ വിമാനത്തിലാണ് ഡൽഹിയിൽ എത്തിയത്. ഡൽഹിയിൽ നിന്നും എയർഏഷ്യയിൽ നെടുമ്പാശേരിയിലും ഇറങ്ങുകയായിരുന്നു. റഹ്മത്ത് ഉൾപ്പെടെയുള്ള ആയിരത്തിഅഞ്ഞൂറോളം ഇന്ത്യക്കാരായ വിദ്യാർത്ഥികളാണ് വെള്ളിയാഴ്ച ഡൽഹിയിൽ എത്തിയത്. എഴുപതോളം മലയാളികളായിരുന്നു അക്കൂട്ടത്തിൽ ഉണ്ടായിരുന്നത്.

ഹംഗറിയിൽ എത്തിയപ്പോൾ ഇന്ത്യൻ എംബസിയുടെ സ്വീകരണവും പരിചരണവും ഹൃദ്യമായിരുന്നെന്നും തങ്ങളുടെ ഭീതിവിട്ടൊഴിഞ്ഞെന്നും റഹ്മത്തും സഹപാഠികളും പറഞ്ഞു. സ്റ്റാർ ഹോട്ടൽ ഭക്ഷണവും താമസവും യാത്രാ ടിക്കറ്റുമെല്ലാം നൽകിയാണ് ഹംഗറിയിൽ നിന്നും യാത്രയാക്കിയത്. കൊച്ചിയിൽ എത്തിയപ്പോഴും വീടുകളിലേക്ക് പോകുവാൻ ആവശ്യമുള്ളവർക്ക് ബസ് സൗകര്യം നൽകാനും സർക്കാർ സംവിധാനം ഒരുക്കിയിരുന്നതായി റഹ്മത്ത് പറഞ്ഞു.