അടിമാലി: ഏഴ് കിലോ കഞ്ചാവുമായി ആലപ്പുഴ സ്വദേശികളായ രണ്ട് പേർ അറസ്റ്റിൽ. ചേർത്തല കഞ്ഞിക്കുഴി പതിനൊന്നാം മൈൽ കരയിൽ ചിറപ്പുറത്ത് വീട്ടിൽ കിരൺ കിഷോർ (20), ചേർത്തല കഞ്ഞിക്കുഴി കണിച്ചുകുളങ്ങര കണിയാപള്ളിൽ ശ്യാംലാൽ ശാന്തകുമാർ (20) എന്നിവരെയാണ് അടിമാലി എക്‌സൈസ് റേഞ്ച് സംഘം പിടികൂടിയത്. ഇവർ ഉപയാേഗിച്ചിരുന്ന ബൈക്കും മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തു. ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ ഒരു കിലാേ മീറ്റർ പിന്തുടർന്നാണ് പിടികൂടിയത്. നൈറ്റ് പട്രോളിംഗിനിടയിൽ മെഴുകുംചാൽ അമ്മാവൻ കുത്ത് ഭാഗത്ത് വച്ച് കെ.എൽ 32 എച്ച് 8592 നമ്പർ യമഹ ബൈക്കിൽ കഞ്ചാവ് കടത്തുന്നതിനിടെയാണ് യുവാക്കൾ പിടിയിലായത്. കഞ്ചാവ് ആലപ്പുഴയിലെത്തിച്ച് കോളേജ് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിൽക്കാനാണ് കൊണ്ടു പോയതെന്ന് പിടിയിലായ പ്രതികൾ പറഞ്ഞു. കിരൺ കിഷോർ വിവിധ കേസുകളിൽ പ്രതിയായി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കഞ്ചാവിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം നടന്നു വരുന്നു. എക്‌സൈസ് ഇൻസ്‌പെക്ടർ പി.കെ. രഘുവിന്റെ നേതൃത്വത്തിലുള്ള പരിശോധനയിൽ പ്രിവന്റീവ് ആഫീസർമാരായ പി.എച്ച്. ഉമ്മർ, കെ.പി ബിനു മോൻ, സിവിൽ എക്‌സൈസ് ആഫീസർമാരായ കെ.പി. റോയിച്ചൻ, കെ.എസ്. മീരാൻ, എം.എസ്. ശ്രീജിത്ത്, രാഹുൽ കെ. രാജ് എന്നിവരും പങ്കെടുത്തു.