ആലപ്പുഴ: വൈറ്റ് ടോപ്പിംഗും പാലങ്ങളുടെ പുതുക്കി പണിയും മന്ദഗതിയിലായതോടെ നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. മുല്ലയ്‌ക്കൽ ഗണപതി കോവിൽ മുതൽ സീറോ ജംഗ്ഷൻ വരെയും പഴവങ്ങാടി ജംഗ്ഷൻ മുതൽ പിച്ചുഅയ്യർ ജംഗ്ഷൻ വഴി വൈ.എം.സി.എ പാലം വരെയുമാണ് വൈറ്റ് ടോപ്പിംഗിലൂടെ റോഡ് പുതുക്കി പണിയുന്നത്. കോൺക്രീറ്റ് ജോലികൾ പൂർത്തിയായി ഒരുമാസം പിന്നിട്ടിട്ടും ശേഷിച്ച പണികൾ തീർക്കാത്തതിനാലാണ് ഗതാഗതകുരുക്കിന് കാരണം. ഗണപതി കോവിൽ -സീറോ ജംഗ്ഷൻ, പിച്ചുഅയ്യർ - വൈ.എം.സി.എ ജംഗ്ഷൻ വരെയുള്ള റോഡിന്റെ മദ്ധ്യഭാഗത്ത് കോൺക്രീറ്റ് ജോലികൾ പൂർത്തികരിച്ചു. കോൺക്രീറ്റിന്റെ ഇരുവശത്തുമുള്ള കാനയുടെ ഇടയിലുള്ള ഭാഗത്തെ നിർമ്മാണം പൂർത്തിയായിട്ടില്ല. ഇവിടങ്ങളിൽ ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യുന്നതിനാൽ ഗതാഗത കുരുക്കിന് ആക്കം കൂട്ടുന്നു. വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്നവരുടെ വാഹനങ്ങൾ തലങ്ങും വിലങ്ങും പാർക്ക് ചെയ്യുന്നത് കാൽനടയാത്രക്കാർക്കും തടസമാണ്. നിർമ്മാണ പ്രവർത്തനങ്ങൾ ഇഴയുന്നതിനാൽ വ്യാപാരികളും പ്രതിഷേധത്തിലാണ്.

......

 വില്ലനായി വഴിയോര കച്ചവടവും

ജില്ലാ കോടതി പാലം - ഇന്ദിര ജംഗ്ഷൻ, കല്ലുപാലം -ചന്ദനക്കാവ് ജംഗ്ഷൻ, കൊമേഴ്സൽ കനാലിന്റെ ഇരുകരകൾ എന്നിവിടങ്ങളിലെ നിരത്തുകൾ വഴിയോര കച്ചവടക്കാരും കൈയേറിയതോടെ ഇരുചക്രവാഹനത്തിൽ പോലും സഞ്ചരിക്കാനാവാത്ത സ്ഥിതിയാണ്. ജില്ലാ കോടതിപാലം മുതൽ വടക്കോട്ട് കാൽനട യാത്രക്കാർക്കുള്ള സ്ഥലം കൈയേറി വാഹനങ്ങളിൽ പച്ചക്കറി പഴവർഗ കച്ചവടം നടത്തുകയാണ്. കൊവിഡിന്റെ ആദ്യഘട്ടത്തിൽ നഗരത്തിൽ ആർ.ഡി.ഒയുടെ നേതൃത്വത്തിൽ കൈയേറ്റങ്ങൾ പൂർണമായും ഒഴിപ്പിച്ചിരുന്നു. അതിന് നേതൃത്വം കൊടുത്ത അന്നത്തെ ആർ.ഡി.ഒയെ ദിവസങ്ങൾക്കുള്ളിൽ സ്ഥലംമാറ്റി. പിന്നീട് എത്തിയ ഉദ്യോഗസ്ഥർ പൊല്ലാപ്പിന് പോകാതെ ഇതൊന്നും കണ്ടില്ലെന്ന മട്ടിലായതോടെ നടപ്പാതകളും റോഡും വീണ്ടും കൈയേറ്റ മേഖലകളായി

ഇഴയുന്ന നിർമ്മാണങ്ങൾ

ശവക്കോട്ട, കൊമ്മാടി, മുപ്പാലം, ജില്ലാകോടതി പാലങ്ങൾ പുതുക്കി പണിയാനുള്ള നടപടികൾക്ക് തുടക്കമായിരുന്നു. എന്നാൽ,നിർമ്മാണം ഇഴയുകയാണ്. ജില്ലാ കോടതിപ്പാലം ഒഴികെ മൂന്ന് പാലങ്ങളും പൊളിച്ചു. ശവക്കോട്ടപ്പാലത്തിന്റെ കോൺക്രീറ്റ് ജോലികൾ പൂർത്തീകരിച്ചിട്ട് ആറുമാസം പിന്നിട്ടു. അപ്രോച്ച് റോഡിനുള്ള സ്ഥലം ഏറ്റെടുക്കാത്തതിനാൽ പാലം നോക്കുകുത്തിയായി നിൽക്കുന്നു. മുപ്പാലം പൂർത്തികരിക്കാൻ രണ്ട് വർഷം വേണ്ടിവരും. കൊമ്മാടിപ്പാലത്തിന്റെ പൈലിംഗ് ജോലികൾ പൂർത്തിയായില്ല.

........

" വൈറ്റ്ടോപ്പിംഗ് പാലങ്ങളുടെ പുതുക്കിപണിയൽ ജോലികൾ നടക്കുന്നതിനാൽ ഗതാഗതക്കുരുക്കുണ്ടാകാത്ത വിധത്തിൽ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. വൈറ്റ് ടോപ്പിംഗ് നടത്തിയ ഭാഗത്ത് ടൈൽ പാകാത്തതിനാൽ മുല്ലക്കൽ ഭാഗത്ത് വാഹനങ്ങൾ റോഡിന്റെ മദ്ധ്യഭാഗത്ത് പാർക്ക് ചെയ്യുന്നുണ്ട്. റോഡിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് പിഴ ഈടാക്കും.

വിൻസെന്റ്, എസ്.ഐ ട്രാഫിക്, ആലപ്പുഴ

" റോഡുകൾ ഒന്നിച്ച് പൊളിക്കുന്നത് വ്യാപാരസ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുകയും ഗതാഗതകുരുക്കുണ്ടാക്കുകയും ചെയ്യും. നിർമ്മാണം പൂർത്തികരിച്ച ശേഷം അടുത്ത റോഡിന്റെ നവീകരണം ആരംഭിക്കണം.

അഷറഫ്,ജില്ലാ പ്രസിഡന്റ്, വ്യാപാരി വ്യവസായി സമിതി

'നഗരത്തിലെ റോഡുകളുടെ പുനർ നിർമ്മാണം സമയബന്ധിതമായി പൂർത്തികരിക്കണം. റോഡ് പണി നീളുന്നത് വ്യാപാരി സമൂഹത്തിന്റെ നിലനിൽപ്പിനെ ബാധിക്കും.

സബിൽരാജ്, ജില്ലാ സെക്രട്ടറി, കേരള വ്യാപാര വ്യവസായി ഏകോപന സമിതി