nh

ആലപ്പുഴ:ഒരു വശത്ത് ദേശീയ പാതാ സ്ഥലമേറ്റെടുപ്പ് വേഗത്തി​ലാക്കണമെന്ന സർക്കാർ നി​ർദ്ദേശം നി​ല നി​ൽക്കേ ഇതി​ന്റെ ചുമതലയുള്ള ഡെപ്യൂട്ടി​ കളക്ടർമാരുടെ തുടർച്ചയായ സ്ഥലം മാറ്റം ജോലി​കളെ മന്ദഗതി​യി​ലാക്കുമെന്ന് ആക്ഷേപം.

പതിനൊന്ന് മാസത്തിനുള്ളിൽ അഞ്ചാമത്തെ ഡെപ്യൂട്ടി കളക്‌ടറാണ് ഇന്ന് ചുമതലയേൽക്കുകയാണ്. കണ്ണൂരിൽ നിന്ന് തിരുവനന്തപുരം സ്വദേശി രാധാകൃഷനെ ആലപ്പുഴയിലേക്കും വിരമിക്കാൻ ഒരുവർഷം മാത്രം കാലാവധിയുള്ള നിലവിലെ ഡെപ്യൂട്ടി കളക്ടർ ആലപ്പുഴ സ്വദേശിനി ബീനയെ കണ്ണൂരിലേക്കുമാണ് സ്ഥലം മാറ്റിയത്. അനിൽ, ശ്രീലത, ജെസിക്കുട്ടി എന്നിവരാണ് കസേര ഉറക്കാതെ മാറിയവർ. സ്ഥലമെടുപ്പ് ഇഴഞ്ഞതോടെ ജില്ലക്കാരായ ഒരാൾക്ക് ചുമതല നൽകാൻ മുൻ ജില്ലാകളക്ടർ എ. അലക്സാണ്ടർ തീരുമാനിച്ചിരുന്നു. ഇതോടെ രണ്ട് മാസം മുമ്പാണ് ബീനയ്‌ക്ക് സ്ഥലമെടുപ്പ് വിഭാഗത്തിന്റെ ചുമതല നൽകിയത്. ഇതോടെ ജോലികൾ വേഗത്തിലായി. ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനായി കൂടുതൽ താത്കാലിക ജീവനക്കാരെ നിയമിച്ചു. അവധി ദിവസങ്ങളിലും നഷ്ടപരിഹാരം വിതരണം ചെയ്‌തു.

# സ്ഥലം ഏറ്റെടുക്കൽ വീണ്ടും വൈകും

അടിക്കടി ഡെപ്യൂട്ടി കളക്ടർമാരുടെ മാറ്റം സ്ഥലം ഏറ്റെടുക്കൽ ജോലി വൈകിപ്പിക്കും. ഡെപ്യൂട്ടി കളക്ടർ ബീന ചുമതല ഏറ്റതോടെ 700 കോടി രൂപയുടെ നഷ്ടപരിഹാരം വിതരണം ചെയ്തു. ബീനക്ക് മുമ്പ് ആറുമാസം കൊണ്ട് 500കോടി രൂപയാണ് ഭൂഉടമകൾക്ക് നൽകിയത്. കഴിഞ്ഞ ദിവസം സ്ഥലമെടുപ്പുടമായി ബന്ധപെട്ട് ആലപ്പുഴ, എറണാകുളം, കൊല്ലം ജില്ലകളിലെ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി വിലയിരുത്തിയിരുന്നു. ഇഷ്ടക്കാരെ വടക്കൻ ജില്ലകളിൽ നിന്ന് നാട്ടിലേക്ക് മടക്കി കൊണ്ടുവരുന്നതിന് മൂന്ന് ജില്ലകളിലെ എൻ.എച്ചിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർമാരെ മാറ്റിയെന്നാണ് ആക്ഷേപം. പകരക്കാർ ചുമതല എടുത്താൽ കുറഞ്ഞത് പത്ത് ദിവസമെങ്കിലും നഷ്ടപരിഹാര തുക വിതരണത്തിന് കാലതാമസമുണ്ടാകും. ഡെപ്യൂട്ടി കളക്ടറുടെയും പ്രോജക്ട് ഡയറക്ടറുടെയും ജോയിന്റ് അക്കൗണ്ടിലാണ് പണമിടപാട് നടക്കുന്നത്. ഇത് ബാങ്കിൽ നിന്ന് മാറ്റേണ്ടി വരും. തുറവൂർ മുതൽ പറവൂർ വരെയുള്ള ഭാഗത്തെ സ്ഥലം ഏറ്റെടുക്കേണ്ട സാഹചര്യത്തിൽ ഇതി​ന് കാലതാമമുണ്ടാകുന്നത് നിർമ്മാണത്തെ ബാധി​ക്കും.

.......................................

#ആവശ്യമായ സ്ഥലം ഹെക്ടറിൽ

ആകെവേണ്ടത്: 106

3ഡി നോട്ടീസ് പ്രസിദ്ധീകരിച്ചത്: 104

വില നിശ്ചയ നോട്ടീസ് പ്രസിദ്ധീകരിച്ചത്: 101

നഷ്ടപരിഹാരം

ആകെ ഭൂഉടമകൾ: 8000

തീർപ്പ് കല്പിച്ചത്: 2600

വിതരണം ചെയ്ത തുക: 1200കോടിരൂപ

വിതരണം ചെയ്യാനുള്ളത്: 1500കോടിരൂപ

.............................