
മാന്നാർ: ഒരുവീട്ടിൽ ഒരുപ്ലാവ് എന്ന ലക്ഷ്യത്തോടെ ജാക്‌ഫ്രൂട്ട് പ്രമോഷൻ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ മാന്നാർ ചക്ക മഹോത്സവം ആരംഭിച്ചു. കുറ്റിയിൽ ജംഗ്‌ഷൻ മേമഠം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു എതിർവശം റെയിൻബോ ബിൽഡിംഗിലാണ് മഹോത്സവം നടക്കുന്നത്. വിവിധ കുടുംബശ്രീ, പുരുഷ സ്വയംസഹായ സംഘങ്ങളുടെ സഹകരണത്തോടെ ചക്ക,കൂൺ,തേൻ,നെല്ലിക്ക എന്നിവയിൽ നിന്നുമുള്ള മൂല്യ വർദ്ധിത ഉത്പന്നങ്ങളുടെ ഒരു നീണ്ടനിര ചക്ക മഹോത്സവത്തിൽ ഒരുക്കിയിട്ടുണ്ട്. ഒന്നര വർഷം കൊണ്ട് കായ്ക്കുന്ന ആയുർ ജാക്, വിയറ്റ്‌നാം ഏർളി തുടങ്ങി ആൾ സീസൺ പ്ലാവിൻതൈകൾ, ആറുമാസം കൊണ്ട് കായ്ക്കുന്ന തായ്‌ലാൻഡ് ആൾസീസൺ മാവിൻതൈകൾ, കാലാപാട്, ബനാറസ്, അൽഫോൻസാ, നീളൻ തുടങ്ങിയ മാവിൻതൈകൾ, ഗംഗാബോണ്ടം, മലേഷ്യൻ കുള്ളൻ തുടങ്ങിയ തെങ്ങിൻ തൈകൾ, മറ്റ് നിരവധി കാർഷിക വിളകൾ, പച്ചക്കറി-പൂച്ചെടി വിത്തിനങ്ങൾ, ജൈവ വളങ്ങൾ, ചെടിച്ചട്ടികൾ എന്നിവയും ചക്കമഹോത്സവത്തിൽ ലഭ്യമാണ്.
മഹോത്സവ വേദിയിൽ തന്നെ തയ്യാറാക്കുന്ന സ്വാദിഷ്ടമായ ചൂട് ചക്കപായസം, ചക്ക ഉണ്ണിയപ്പം എന്നിവയുടെ സ്വാദ് നുകരുന്നതിനും വാങ്ങുന്നതിനും സൗകര്യം ഉണ്ട്. രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പത് വരെയാണ് പ്രവേശനം. 22 വരെ നീണ്ടു നിൽക്കുന്ന ചക്ക മഹോത്സവത്തിൽ പ്രവേശനം തികച്ചും സൗജന്യമാണെന്ന് സംഘാടകർ അറിയിച്ചു. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി ചക്ക മഹോത്സവം ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശാലിനി രഘുനാഥ്, ഗ്രാമ പഞ്ചായത്തംഗം ശാന്തിനി, ജാക്ക് ഫ്രൂട്ട് പ്രമോഷൻ ഫെഡറേഷൻ പ്രസിഡന്റ് അടൂർ വിജയകുമാർ, ടി.സി ഹരികുമാർ എന്നിവർ സംസാരിച്ചു.