
ആലപ്പുഴ: മികച്ച സംഘാടകനായ മന്ത്രി സജി ചെറിയാന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലേക്കുള്ള പ്രവേശനം പാർട്ടിയുടെ പ്രൊമോഷനാണ്. അർഹതയ്‌ക്കുള്ള അംഗീകാരമെന്നും വിശേഷിപ്പിക്കാം. പുതിയ ഉത്തരവാദിത്വങ്ങളെക്കുറിച്ച് മന്ത്രി സജി ചെറിയാൻ 'കേരളകൗമുദി'യോട് സംസാരിക്കുന്നു.
? സംസ്ഥാന സെക്രട്ടേറിയേറ്റിലേക്കുള്ള കടന്നുവരവ് പ്രതീക്ഷിച്ചിരുന്നോ
ഒരിക്കലുമില്ല. മന്ത്രിയെന്ന നിലയിൽ പാർട്ടി ഭാരിച്ച ഉത്തരവാദിത്വമാണ് ഏൽപ്പിച്ചിരിക്കുന്നത്. അതിനൊപ്പം സെക്രട്ടേറിയറ്റിലേക്ക് എത്തിയത് അപ്രതീക്ഷിതമാണ്. എന്റെ ജീവിതത്തിൽ നടക്കുന്നതെല്ലാം വിചാരിക്കാത്ത കാര്യങ്ങളാണ്.
? വി.എസ്. അച്യുതാനന്ദനും ഡോ. തോമസ് ഐസക്കിനും ശേഷം ജില്ലയിൽ നിന്ന് സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് എത്തിയ വ്യക്തി. എന്തു തോന്നുന്നു?
പാർട്ടിയുടെ വലിയൊരു അംഗീകാരമാണിത്. മഹാൻമാരായ വ്യക്തികൾ പ്രതിനിധാനം ചെയ്യുന്ന ഉന്നതശ്രേണിയിൽ എത്താനുള്ള അവസരമുണ്ടായത് ഭാഗ്യമാണ്. ഭാരിച്ച ഉത്തരവാദിത്വം നിറവേറ്റാനുണ്ടെന്ന് തിരിച്ചറിയുന്നു. അത് നൂറു ശതമാനം വിനയത്തോടെ ഏറ്റെടുക്കുകയാണ്. പുതിയ ദൗത്യം ആലപ്പുഴ ജില്ലയിലെ പാർട്ടിയുടെ വളർച്ചയ്‌ക്കും യോജിച്ച പ്രവർത്തനത്തിനും വിനിയോഗിക്കും.
? സംസ്ഥാന സമ്മേളനത്തിൽ പാർട്ടി സെക്രട്ടറിയുടെ റിപ്പോർട്ടിൽ ആലപ്പുഴയിലെ വിഭാഗിയത പരാമർശിക്കുന്നുണ്ടല്ലോ
സംസ്ഥാന പാർട്ടിയിൽ മുൻകാലങ്ങളിൽ വിഭാഗീയമായ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. അതെല്ലാം മാറി. ഇന്ന് അത്തരത്തിലുള്ള പ്രശ്‌നങ്ങൾ പാർട്ടിക്കകത്തോ ആലപ്പുഴ ജില്ലയിലോ ഇല്ല. ഒറ്റപ്പെട്ട ചില പ്രശ്‌നങ്ങൾ സമ്മേളനകാലത്ത് ആലപ്പുഴയിലുണ്ടായതാണ് റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടത്. അതെല്ലാം ചർച്ച ചെയ്‌ത് പരിഹരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. എല്ലാവരെയും യോജിപ്പിച്ച് ഒറ്റക്കെട്ടായി മുന്നോട്ടു പോകും. പരിഹരിക്കാൻ കഴിയാത്ത പ്രശ്‌നങ്ങളൊന്നുമില്ല. ചില പ്രശ്നങ്ങൾ വ്യക്തിഗതമാണ്. അത് പാർട്ടിയെ മൊത്തത്തിൽ ബാധിക്കുന്നതല്ല. ശരിയായ നിലപാടിലേക്ക് എല്ലാവരെയും കൊണ്ടുവരുകയാണ് ലക്ഷ്യം.
? ജില്ലാ സെക്രട്ടേറിയറ്റ് സമ്മേളനത്തിനൊപ്പം രൂപീകരിക്കാത്തത് തർക്കം മൂലമാണെന്ന് പറയപ്പെടുന്നു
ഒരിക്കലുമല്ല. കഴിഞ്ഞ തവണയും സമ്മേളനത്തിനു ശേഷമാണ് സെക്രട്ടേറിയറ്റ് രൂപീകരിച്ചത്. ചില ജില്ലകളിൽ സമ്മേളനത്തിനൊപ്പമുണ്ടായി. നമ്മൾ സംസ്ഥാന സമ്മേളനത്തിന് ശേഷമെന്ന് തീരുമാനിക്കുകയായിരുന്നു. ജില്ലാ കമ്മിറ്റിയിലെ 46 പേരും സെക്രട്ടേറിയറ്റിൽ എത്താൻ യോഗ്യരാണ്. അതിൽ തർക്കമൊന്നുമില്ല.
? ജില്ലാ സെക്രട്ടേറിയറ്റിലും യുവത്വത്തിന് പരിഗണനയുണ്ടാകുമോ
യുവത്വമെന്നതല്ല പ്രശ്‌നം. തുടർഭരണം ലഭിച്ചതോടെ ഇനി ഭൂരിപക്ഷത്തിന്റെ പാർട്ടിയായി മാറണം. അനുഭവസമ്പത്തുള്ള സഖാക്കളും പുതിയ തലമുറയും ചേരുന്ന തരത്തിൽ പാർട്ടിയെ വിപുലപ്പെടുത്തണം. അനുഭവമുള്ളവരുടെ അറിവ് അവരോടൊപ്പം സഞ്ചരിക്കുമ്പോഴെ പുതിയ തലമുറയ്‌ക്ക് ലഭിക്കുകയുള്ളൂ. പഴയ തലമുറയിലുള്ളവരുടെ അറിവും അനുഭവവും പരിശീലനമായി മാറണം. അതിനാൽ എല്ലാവരും ചേരുന്നതാണ് പാർട്ടി. 90 വയസ് കഴിഞ്ഞിട്ടും ഒഴിയാതെ കടിച്ചുതൂങ്ങിക്കിടക്കുന്നവർ മറ്റ് പാർട്ടികളിലുണ്ട്. സി.പി.എമ്മിൽ നേതാക്കൾ പുതിയ തലമുറയ്‌ക്കായി ഒഴിയാൻ സന്നദ്ധരാണ്.
? സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിഞ്ഞ ജി. സുധാകരന്റെ റോൾ എന്തായിരിക്കും
ജില്ലയിലെ പാർട്ടി നേതൃനിരയിലെ ഒന്നാമനാണ് ജി. സുധാകരൻ. ഇക്കാര്യത്തിൽ ആർക്കും സംശയം വേണ്ട. ഞങ്ങളെ മുന്നിൽ നിന്ന് നയിക്കുമ്പോൾ പാർട്ടി പിന്നിലുണ്ടാകും. പ്രായത്തിന്റെ കണക്കിലാണ് സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവായത്. സുധാകരന്റെ കഴിവും അനുഭവങ്ങളും പാർട്ടിക്ക് ഇനിയും ആവശ്യമുണ്ട്. പ്രായത്തിന്റെ അവശതകളില്ല. ഒരുപാട് കഴിവുകളുള്ള സഖാവിന് ഇനിയും നിരവധി കാര്യങ്ങൾ ചെയ്യാനുണ്ട്. ജില്ലയിലെ പാർട്ടിക്ക് വലിയ സംഭാവന നൽകിയ വ്യക്തിത്വമാണ്. എപ്പോഴും ഞങ്ങളുടെയെല്ലാം നേതാവാണ് ജി. സുധാകരൻ.