ph

കറ്റാനം: മഴയിൽ കുളം , വേനലിൽ ഗർദ്ദം. ഇതാണ് കൊപ്രാ പുര-പാറയ്ക്കൽ റോഡ്. രണ്ട് കോടി രൂപ നിർമ്മാണത്തിനായി വകയിരുത്തിയിട്ടും റോഡ് പുനരുദ്ധാരണം വൈകുന്നത് യാത്രക്കാർക്ക് ദുരിതയാത്രയാണ് സമ്മാനിക്കുന്നത്. നിലവിൽ തകർന്ന് കിടക്കുന്ന റോഡിലൂടെ വാഹനങ്ങളിൽ യാത്ര ചെയ്യാനാകാത്ത സ്ഥിതിയാണ് .പത്തു വർഷം മുമ്പാണ് അവസാനമായി റോഡ് ടാറിംഗ് നടത്തിയത്. മൂന്നു കിലോമീറ്ററിലധികം വരുന്ന റോഡിൽ ഒട്ടുമിക്ക സ്ഥലങ്ങളിൽ വൻ ഗർദ്ദങ്ങളാണ്.ഇതുവരെ റോഡിന്റെ ശോചനീയാവസ്ഥയിൽ അപകടപ്പെട്ടത് നൂറോളം ഇരുചക്രവാഹന യാത്രക്കാരാണ് . മഴയായാൽ കാൽനടയാത്രക്കാർക്ക് പോലും ഇതുവഴി സഞ്ചരിക്കുവാൻ കഴിയാത്ത സ്ഥിതിയിലാണ്. മുഖ്യമന്ത്രിയുടെ റോഡ് പുനരുദ്ധാരണ പദ്ധതിയാൽ ഉൾപ്പെടുത്തി രണ്ട് കോടി രൂപ അനുവദിച്ചെങ്കിലും അധികൃതരുടെ അനാസ്ഥയും നിർമ്മാണ ചെലവിന്റെ കണക്ക് തെറ്റായി ഫയൽ ചെയ്തതും വിനയായി മാറി. കൃഷ്ണപുരത്തു നിന്നും വള്ളികുന്നത്തു നിന്നും കെ.പി റോഡിൽ എത്തുവാൻ നാട്ടുകാർ ആശ്രയിച്ചിരുന്ന ഈ വഴി ,റോഡ് മോശമായതിനെ തുടർന്ന് ഉണ്ടായിരുന്ന ബസ് സർവീസും നിറുത്തി.ബസ് സർവീസ് നിറുത്തലാക്കിയതോടെ വിശ്വഭാരതി മോഡൽ ഹയർ സെക്കൻഡറി സ്ക്കൂൾ, തെക്കേ മങ്കുഴി എൽ.പി.എസ്, മഞ്ഞാടിത്തറ എൽ.പി.എസ് എന്നിവിടങ്ങളിലേക്കുള്ള വിദ്യാർത്ഥികളുടെ യാത്രയും തടസപ്പെട്ടു.

.....................

''മുഖ്യമന്ത്രിയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി ഉടൻ നിർമ്മാണം ആരംഭിക്കും. ടെൻഡർ നടപടികൾ പൂർത്തിയായി. ജനപ്രതിനിധികളടക്കം ഇതിനു വേണ്ടി സമരം ചെയ്തിരുന്നു.

ശശിധരൻ നായർ

(പഞ്ചായത്തംഗം)

''വർഷങ്ങളായി ദുരിതയാത്രയാണിവിടെ.റോഡ് പൊതുമരാമത്ത് വകുപ്പിന് കൈമാറണം.

എം.ജി.പ്രേംജിത്ത്

(പൊതുപ്രവർത്തകൻ)

''വലിയ ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ് ഇതുവഴിയുളള യാത്ര. എത്രയും വേഗം പുനരുദ്ധാരണം നടത്തിയില്ലെങ്കിൽ അപകടങ്ങൾ വർദ്ധിക്കും

(ദീപ്തി സുരേഷ്,അദ്ധ്യാപിക)