
മാവേലിക്കര: ചെട്ടികുളങ്ങര ഭഗവതിയുടെ തിരുനാൾ ആഘോഷമായ ചെട്ടികുളങ്ങര ഭരണി നാളായ ഇന്ന് ഓണാട്ടുകരയിലെ വഴികളെല്ലാം ചെട്ടികുളങ്ങരയിലേക്ക് എത്തും. ഓണാട്ടുകരയുടെ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും കരകൂട്ടായ്മയുടേയും ഉത്സവമായ ചെട്ടികുളങ്ങര കുംഭഭരണി നാളിൽ ജനലക്ഷങ്ങളാണ് ഇവിടേയ്ക്ക് പ്രവഹിക്കുന്നത്.
രാവിലെ കുത്തിയോട്ടങ്ങളും വൈകിട്ട് കെട്ടുകാഴ്ചകളും അമ്മയെ വണങ്ങി അനുഗ്രഹം വാങ്ങാൻ ക്ഷേത്ര സന്നിധിയിലേക്ക് എത്തും. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും കൺവെൻഷന്റെയും നേതൃത്വത്തിൽ നടക്കുന്ന ഉത്സവത്തിനുളള ഒരുക്കങ്ങൾ പൂർത്തിയായതായി ശ്രീദേവിവിലാസം ഹിന്ദുമത കൺവെൻഷൻ ഭാരവാഹികൾ അറിയിച്ചു.
ഓണാട്ടുകരയുടെ പരദേവതയായ ചെട്ടികുളങ്ങര അമ്മയുടെ തിരുനാൾ ആഘോഷിക്കുവാൻ ലോകമെമ്പാടുമുള്ള മലയാളികൾ ഒരുങ്ങിക്കഴിഞ്ഞു. വിദേശത്തുള്ള ചെട്ടികുളങ്ങരക്കാർ ഇതിനോടകം നാട്ടിൽ എത്തിക്കഴിഞ്ഞു. യുനസ്കോ അംഗീകാരത്തിന്റെ പടിവാതിൽക്കൽ നിൽക്കുന്ന കുംഭഭരണി വിസ്മയക്കാഴ്ച്ചകളുടെ വിരുന്നാണ് ഒരുക്കുന്നത്.
കൊവിഡ് സാഹചര്യത്തിൽ കഴിഞ്ഞ രണ്ട് വർഷം ആഘോഷങ്ങൾക്ക് നിയന്ത്രണമുണ്ടായിരുന്നതിനാൽ ഈ വർഷം കൂടുതൽ ഭക്തർ ചെട്ടികുളങ്ങരയിലേക്ക് എത്തുമെന്ന് വേണം കരുതാൻ.
രാവിലെ 5 മുതൽ ദേവിയുടെ ഇഷ്ട വഴിപാടായ കുത്തിയോട്ടങ്ങൾ നേർച്ചക്കാരുടെ വീടുകളിൽ നിന്ന് ക്ഷേത്രത്തിലേക്ക് പുറപ്പെടും. ദൂരയുള്ള കുത്തിയോട്ടങ്ങൾ പുലർച്ചെ 3 മുതൽ യാത്ര ആരംഭിക്കും. 6 മണി മുതൽ കുത്തിയോട്ട ഘോഷയാത്രകൾ ക്ഷേത്രസന്നിധിയിൽ എത്തി വഴിപാട് ദേവിക്ക് സമർപ്പിക്കും. വൈകിട്ട് 4 മുതൽ കെട്ടുകാഴ്ച്ച വരവ് ആരംഭിക്കും. പതിമൂന്ന് കരകളുടേയും അംബരചുംബികളായ കെട്ടുകാഴ്ചകൾ നേർച്ച കണ്ടത്തിൽ അണിനിരന്ന ശേഷം രാത്രി 8ന് ദീപാരാധനയും തുടർന്ന് കുംഭഭരണി മഹാസമ്മേളനവും നടക്കും. പുലർച്ചെ ദേവി കെട്ടുകാഴ്ചകൾക്ക് മുന്നിൽ എഴുന്നള്ളി അനുഗ്രഹം ചൊരിയുന്നതോടെ ചെട്ടികുളങ്ങര കുംഭഭരണിക്ക് സമാപ്തിയാവും.