photo

ഏ​റ്റെടുക്കേണ്ടത് ആറ് ഭൂഉടമകളിൽ നിന്ന് ഏഴരസെന്റ്

ചേർത്തല : ചേർത്തലയുടെ സ്വപ്‌നപദ്ധതിയായ വടക്കേ അങ്ങാടികവല വികസനം പൂർത്തിയാക്കാൻ സർക്കാർ ഇടപെടലിൽ വഴിതെളിഞ്ഞു. തടസങ്ങളെ തുടർന്ന് ഏ​റ്റടുക്കാൻ കഴിയാതെ വന്ന ഭൂമി റവന്യൂവകുപ്പിന്റ 2013ലെ ഭൂമി ഏ​റ്റെടുക്കൽ ഉത്തരവ് പ്രകാരം ഏ​റ്റെടുക്കാനാണ് ഇപ്പോൾ ഉത്തരവായിട്ടുള്ളത്. ജില്ലാ കളക്ടറുടെ ശുപാർശയെ തുടർന്നാണ് സർക്കാർ നടപടി. ഇതോടെ മുടങ്ങിയ വികസന പ്രവർത്തനങ്ങൾ പുനരാരംഭിക്കാനാകും.

ആറ് ഭൂടമകളിൽ നിന്നുള്ള ഏഴര സെന്റ് സ്ഥലം കൂടിയാണ് ഏ​റ്റെടുക്കാനുള്ളത്. പദ്ധതിയുടെ ഭാഗമായുള്ള റോഡ് നിർമ്മണം 90 ശതമാനം പൂർത്തിയായെങ്കിലും സ്ഥലം ഏ​റ്റെടുക്കൽ പൂർത്തിയാകാത്തതിനാൽ കാന,ബസ്‌ബേ,ഡിവൈഡറുകൾ,നടപ്പാത തുടങ്ങിയ നിർമ്മാണ പ്രവൃത്തികൾ മുടങ്ങിയിരുന്നു.
രേഖകൾ പൂർണമല്ലാത്തതിനാൽ ഏ​റ്റെടുക്കാൻ കഴിയാതെ വന്ന ഭൂമിയാണ് പ്രത്യേക ഉത്തരവു പ്രകാരം ഏ​റ്റെടുക്കുന്നത്.നേരത്തെ 24 ഉടമകളിൽ നിന്നും 33 സെന്റ് ഭൂമി ഏ​റ്റെടുത്തിരുന്നു.ചേർത്തല വടക്ക് വില്ലേജിന്റെ പരിധിയിൽ വരുന്നതാണ് സ്ഥലം.റവന്യൂ,പൊതുമരാമത്ത് അധികൃതരുടെ കൂടിയാലോചനകൾക്ക് ശേഷം സ്ഥലം ഏ​റ്റെടുത്ത് കെട്ടിടങ്ങൾ പൊളിച്ചുമാ​റ്റി പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് തീരുമാനം.

സ്വപ്ന പദ്ധതി

സർക്കാർ ഫണ്ടും മുൻമന്ത്റി പി.തിലോത്തമന്റെ ആസ്തി വികസന ഫണ്ടും ഉൾപ്പെടെ 10.25 കോടിയാണ് പദ്ധതിക്കായി വിനിയോഗിക്കുന്നത്. കവലയുടെ മദ്ധ്യഭാഗത്ത് നിന്ന് കിഴക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് 50 മീറ്റർ നീളത്തിലും 20 മീറ്റർ വീതിയിലുമാണ് കവല വികസനം.നാലു കലുങ്കുകളിൽ മൂന്നെണ്ണത്തിന്റെ നിർമ്മാണം പൂർത്തിയായി. സർക്കാർ പ്രത്യേക ഉത്തരവ് വന്നതോടെ കവല വികസനമെന്ന സ്വപ്നം യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് നഗര വാസികൾ.