rajeswari

മാന്നാർ : ജീവിതം നൽകിയ ദുരിതങ്ങൾക്കിടയിലും പതറാതെ, അന്നത്തിനു വക തേടി 'ഭാഗ്യം വിൽക്കാനായി" മുച്ചക്ര വണ്ടിയിൽ യാത്ര തുടരുകയാണ് അംഗപരിമിതയായ രാജേശ്വരി. രണ്ടുവയസിൽ നടത്തിയ സർജറിയെ തുടർന്ന് തളർന്ന കാലുകളാണ് ഈ 42കാരിക്കുള്ളത്. മാന്നാർ വിഷവർശ്ശേരിക്കര കുറുമ്പുഴിക്കൽ പുത്തൻ വീട്ടിൽ ചെല്ലപ്പന്റെയും അമ്മിണിയുടെയും മകളാണ്.

മാന്നാർ നായർ സമാജം സ്‌കൂളിന്റെയും തൃക്കുരട്ടി മഹാദേവർ ക്ഷേത്രത്തിന്റെയും പരിസരങ്ങളിൽ രാവിലെമുതൽ വൈകുന്നേരം വരെ രാജേശ്വരിയെ കാണാം. ലോട്ടറിടിക്കറ്റുകൾ വിറ്റാൽ കിട്ടുന്ന തുച്ഛമായ തുക കൊണ്ട് രണ്ടറ്റം മുട്ടിക്കാൻ പാടുപെടുകയാണ് ഇവർ. 2016 - 2017 പദ്ധതിയിൽ ജില്ലാപഞ്ചായത്ത് നൽകിയ മുച്ചക്ര വാഹനമാണ് രാജേശ്വരിയുടെ ഏക ആശ്വാസം. കെട്ടിടനിർമ്മാണമേഖലയിൽ തട്ടടിക്കുന്ന ജോലി ചെയ്തിരുന്ന ഭർത്താവ് പ്രഭാകരൻ അസ്ഥിക്ക് പൊട്ടൽ സംഭവിച്ചതിനെത്തുടർന്ന് തൊഴിലൊന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ്. മറ്റു നിവൃത്തിയില്ലാത്തതിനാൽ വല്ലപ്പോഴും ലോട്ടറിക്കച്ചവടത്തിന് പ്രഭാകരനും ഇറങ്ങും. സ്വന്തമായി ഒരു തുണ്ടു ഭൂമി പോലും ഇല്ലാത്ത ഇവർ മാന്നാർ കുരട്ടിക്കാട് ശ്രീധർമ്മ ശാസ്താക്ഷേത്രത്തിനു സമീപം മാമ്പറ്റയിൽ വാടകക്ക് താമസിക്കുകയാണ്. ലൈഫ് പദ്ധതിയിൽ സ്ഥലവും വീടും ലഭിക്കുന്നതിന് അപേക്ഷ നൽകി കാത്തിരിക്കുന്നു.