
വള്ളികുന്നം: യുക്രെയിനിലെ കോളേജ് ഹോസ്റ്റലിന്റെ ബങ്കറിലെ ഭീകര ഓർമകൾ ഇപ്പോഴും മനസിലുണ്ടെന്ന് നീതു പറയുന്നു. കാർകീവ് പോൾട്ടോസ് സ്റ്റേറ്റ് മെഡിക്കൽ കോളേജിലെ ഒന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥിയായ വള്ളികുന്നം കടുവിനാൽ വർഗീസ് ഭവനത്തിൽ വർഗീസ് നൈനാന്റെയും ഗ്രേസിയുടെയും മകളായ നീതു ഞായറാഴ്ച്ച രാത്രിയാണ് നെടുമ്പാശേരിയിലെത്തിയത്.
കർണ്ണാടക സ്വദേശിയായ വിദ്യാർത്ഥി ഷെല്ലാക്രമത്തിൽ കൊല്ലപ്പെട്ടത് ഹോസ്റ്റലിന് തൊട്ടടുത്തായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച്ച വൈകുന്നേരത്തോടെയാണ് നീതുവും സഹപാഠികളും കാൽനടയായി മെട്രോ സ്‌റ്റേഷനിൽ എത്തിയത്. വാഹനങ്ങൾ കത്തി കിടക്കുന്ന വഴികളിലൂടെയായിരുന്നു യാത്ര. ഇവിടെ നിന്നും കാറിൽ ഭോസ്ക്കൽ റെയിൽവെ സ്റ്റേഷനിൽ എത്തി. റെയിൽവെ സ്‌റ്റേഷനിൽ ഇന്ത്യൻ വിദ്യാർത്ഥികളെ യുക്രെയിൻ പട്ടാളം മർദ്ദിക്കുന്നത് കാണാമായിരുവെന്ന് നീതു പറഞ്ഞു. പിന്നീട് റൊമാനിയായിലേക്ക് ബസിൽ കുറച്ചു ദൂരം യാത്ര ചെയ്ത ശേഷം കാൽനടയായി അതിർത്തിയിൽ എത്തുകയായിരുന്നു. റൊമാനിയയിൽ നിന്ന് ഡൽഹി വഴിയാണ് നെടുമ്പാശേരിയിൽ എത്തിയത്. കാർക്കീസ് നാഷണൽ യൂണിവേഴ്സിറ്റിയിലെ നാലാം വർഷ വിദ്യാർത്ഥി വള്ളികുന്നം വാഴോലിൽ തറയിൽ നടരാജന്റെ മകൾ ശ്രീ രശ്മി രാജൻ, പോൾട്ടോസ് സ്റ്റേറ്റ് മെഡിക്കൽ കോളേജിലെ ചുനാട് പ്രതീക്ഷയിൽ അഭയദേവിന്റെ മകൾ അഭിജിത്ത്, സഹോദരൻ ചുനാട് ഗാന്ധിഭവൻ അനിൽ കുമാറിന്റെ മകൻ അഭിനവ് എന്നിവരും ഇതോടൊപ്പം നാട്ടിലെത്തി.
ഫോട്ടോ: വീട്ടിലെത്തിയ നീതു കുടുംബാംഗങ്ങൾക്കൊപ്പം