
മാന്നാർ:കാത്തിരിപ്പിനും പ്രാർത്ഥനയ്ക്കും വിരാമമിട്ട് മാന്നാർ കുരട്ടിക്കാട് ഏഴാം വാർഡിൽ കന്നിമേൽ തെക്കേതിൽ വിജയകുമാർ- ശ്രീലത ദമ്പതികളുടെ മകൾ മെഡിക്കൽ വിദ്യാർത്ഥി സാവിത്രി വിജയൻ നാട്ടിലെത്തി. യുക്രെനിലെ സപൊറോസിയാ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ ഒന്നാംവർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനിയായാണ് സാവിത്രി. 28 ന് യുക്രൈനിലെ സപോറോസിയയിൽ നിന്നും ഒരാഴ്ചയോളം യാത്ര ചെയ്താണ് ഞായറാഴ്ച രാത്രി നെടുമ്പാശേരിയിൽ എത്തിയത്. സപോറോസിയയിൽ നിന്നും 34 മണിക്കൂർ യാത്ര ചെയ്ത് ഹങ്കറിയിൽ എത്തി അവിടെനിന്നും ഡൽഹിയിലും പിന്നീട് നെടുമ്പാശേരിയിലും ഇറങ്ങുകയായിരുന്നു.യുദ്ധത്തിന്റെ സാദ്ധ്യത കേട്ട നാൾമുതൽ ആശങ്കയിലും വേദനയിലും കഴിഞ്ഞ കുടുംബം സാവിത്രിയെ നേരിൽ കണ്ടതോടെയാണ് ആശ്വാസമായത്. നാട്ടിയിലെത്തിയിട്ടും യുക്രൈനിലെ കോളേജിൽ ജോലി ചെയ്‌തിരുന്ന സ്വദേശികളായ അദ്ധ്യാപകരുടെയും മറ്റുള്ളവരുടെയും ചിന്തകൾ സാവിത്രിയെ അലട്ടുന്നുണ്ട് .