malavika

ചാരുംമൂട് : യുദ്ധഭൂമിയായ യുക്രെയിനിൽ നിന്ന് നാട്ടി​ലെത്തി​യതി​ന്റെ സന്തോഷത്തി​ലാണ് ചാരുംമൂട് അമൃതബിന്ദുവിൽ രാജേഷ് കുമാർ -ബിന്ദു ദമ്പതികളുടെ മകളായ മാളവിക. ഖാർക്കീവ് നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ അവസാന വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനിയാണ്.

യുദ്ധം തുടങ്ങിയ ഫെബ്രുവരി 24 മുതൽ മാളവികയടങ്ങുന്ന വിദ്യാർത്ഥികൾ താമസിച്ചിരുന്ന ഫ്ളാറ്റിന് അടിയിലെ ബങ്കറിൽ അഭയം തേടിയിരുന്നു.വൈദ്യുതിയും ഇന്റർനെറ്റും നിലയ്ക്കാതിരുന്നതിനാൽ നാട്ടിലേക്ക് വിളിക്കാൻ കഴിഞ്ഞത് ഏറെ അശ്വാസമായിരുന്നെന്ന് മാളവിക പറഞ്ഞു.യുദ്ധം കടുത്തതോടെ എത്രയും വേഗം ഖാർക്കീവിൽ നിന്ന് രക്ഷപ്പെടാൻ ഇവർ തീരുമാനിച്ചു. പടിഞ്ഞാറൻ അതിർത്തിയിലേക്ക് പോകാൻ സ്‌പെഷ്യൽ ട്രെയിനുകൾ ഉണ്ടെന്നറിഞ്ഞായിരുന്നു തീരുമാനം.

റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്ത് പ്ലാറ്റ് ഫോമിൽ നിൽക്കുമ്പോൾ സമീപത്ത് അത്യുഗ്രൻ സ്‌ഫോടനങ്ങളുണ്ടായി. തിക്കിത്തിരക്കി ട്രെയിനിൽ കയറി യുക്രെയിന്റെ പടഞ്ഞാറൻ നഗരമായ ലിവീവിൽ എത്തി.അവിടെ നിന്നും കുറേ കുട്ടികൾ ചേർന്ന് ബസ് വാടകയ്ക്കെടുത്ത് രണ്ടു മണിക്കൂർ യാത്ര ചെയ്ത് യുക്രെയിൻ അതിർത്തി കടന്ന് പോളണ്ട് അതിത്തിയിൽ എത്തുകയായിരുന്നു.തുടർന്ന് ഡൽഹിയിലും അവിടെ നിന്ന് നെടുമ്പാശ്ശേരിയിലുമെത്തിച്ചേരുകയായിരുന്നു. യുക്രെയിനിൽ മാളവികയ്‌ക്കൊപ്പമുണ്ടായിരുന്ന ഭർത്താവ് ആദർശ് മെഡിക്കൽ പി.ജി പഠനം പൂർത്തിയാക്കി ഇപ്പോൾ നാട്ടിലുണ്ട്.