ചേർത്തല : എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ധന്യസാരഥ്യത്തിന്റെ രജതജൂബിലിയുടെ ഭാഗമായി ചേർത്തല യൂണിയനിൽ ഗുരുധനം പദ്ധതി നടപ്പാക്കും. 10 ന് വൈകിട്ട് 4 ന് യൂണിയൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പദ്ധതി ഉദ്ഘാടനം ചെയ്യും.ചടങ്ങിൽ മൈക്രോഫിനാൻസ് അംഗങ്ങൾക്കായുള്ള 2 കോടി രൂപയുടെ വായ്പാ വിതരണവും ഉദ്ഘാടനം ചെയ്യും. യോഗം കൗൺസിലർ പി.ടി.മന്മഥൻ അദ്ധ്യക്ഷത വഹിക്കും. ധനലക്ഷ്മി ബാങ്ക് ചേർത്തല ബ്രാഞ്ച് മാനേജർ പി.ജയകുമാർ സംസാരിക്കും.യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി.അനിയപ്പൻ സ്വാഗതവും യൂണിയൻ മുൻ വൈസ് പ്രസിഡന്റ് പി.ജി.രവീന്ദ്രൻ നന്ദിയും പറയും.
യോഗത്തിന്റെ നെടുംതൂണായി പ്രവർത്തിക്കുന്ന വനിതകളുടെ സാമ്പത്തിക പുരോഗതിക്കായി യൂണിയൻ നടപ്പാക്കുന്ന അഭിമാന പദ്ധതിയാണ് ഗുരുധനം. സ്ത്രീ കൂട്ടായ്മകൾക്ക് ബിസിനസ് ലഘു സംരംഭങ്ങൾ തുടങ്ങുവാൻ സാങ്കേതിക സഹായങ്ങൾ നൽകുക,സർക്കാർ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് സബ്‌സിഡികൾ നേടിയെടുക്കാനുള്ള സഹായങ്ങൾ നൽകുക, കാർഷികോത്പാദന- വിതരണ മേഖലയെ സഹായിക്കാൻ യൂണിയൻതല ഏജൻസി സേവനം നടപ്പിലാക്കൽ, വിദ്യാഭ്യാസ സഹായങ്ങൾ നൽകൽ തുടങ്ങിയവയാണ് ലക്ഷ്യങ്ങൾ.സമുദായാംഗങ്ങളുടെ പിന്തുണയോടെ യൂണിയന്റെ ക്രിയാത്മകമായ നിർദ്ദേശങ്ങളും സഹായങ്ങളും നൽകി ഓരോ ശാഖയിലും ആദ്യപടിയായി നിരവധി സംരംഭക കൂട്ടായ്മ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് അഡ്മിനിസ്ട്രേറ്റർ ടി.അനിയപ്പൻ പറഞ്ഞു.