uparodham

ചാരുംമൂട്: താമരക്കുളം പഞ്ചായത്തിന്റെ തെക്ക്-പടിഞ്ഞാറ് പ്രദേശങ്ങളിലെ കെ ഐ പി കനാലിന്റെ സബ് കനാലുകൾ തുറക്കാത്തതിലും മാലിന്യവും കാടും മൂടിയ മെയിൻ കനാൽ വൃത്തിയാക്കാത്തതിലും പ്രതിഷേധിച്ച് യുവമോർച്ച ചാരുംമൂട് മണ്ഡലം കമ്മി​റ്റിയുടെ നേതൃത്വത്തിൽ കെ.ഐ.പി ചാരുംമൂട് സെക്ഷൻ ഓഫീസ് ഉപരോധിച്ചു. ബി. ജെ. പി ചാരുംമൂട് മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി പീയൂഷ് ചാരുംമൂട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശ്രീമോൻ നെടിയത്ത് അദ്ധ്യക്ഷത വഹിച്ചു. താമരക്കുളം പടിഞ്ഞാറ് ഏരിയ പ്രസിഡന്റ് സന്തോഷ് ചത്തിയറ മുഖ്യപ്രഭാഷണം നടത്തി.

കാടുകയറി മൂടിയ കെ ഐ പി കനാൽ വൃത്തിയാക്കാതെയാണ് ഈ വർഷം തുറന്നു വിട്ടത്. കാടും മാലിന്യങ്ങളും നിറഞ്ഞ് ഒഴുക്ക് നിലച്ചതിനാൽ സബ് കനാലുകളിലേക്ക് വെള്ളം എത്തുന്നില്ല. അതിനാൽ താമരക്കുളം പഞ്ചായത്തിലെ പടിഞ്ഞാറൻ ഭാഗങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമായി തുടരുകയാണെന്നും എത്രയും വേഗം മെയിൻ കനാൽ വൃത്തിയാക്കി സബ് കനാലുകളിൽ വെള്ളമെത്തിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് യുവമോർച്ച ആവശ്യപ്പെട്ടു. മണ്ഡലം ജനറൽ സെക്രട്ടറി രഞ്ജിത്ത്, ട്രഷറർ വിഷ്ണു, സെക്രട്ടറി ദേവൻ തുടങ്ങിയവർ നേതൃത്വം നൽകി.