ഹരിപ്പാട്: ഹരിപ്പാട് ,കുട്ടനാട് നിയോജകമണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പളളിപ്പാട് കൊടുന്താർ മേൽപ്പാടം പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് ഇന്ന് കുട്ടനാട് എംഎൽഎ തോമസ് കെ തോമസുമായി ചർച്ച നടത്തുമെന്ന് രമേശ് ചെന്നിത്തല എംഎൽഎ അറിയിച്ചു. ആയിരം ഏക്കറോളം വരുന്ന പടശേഖരങ്ങളുടെ നടുവിലൂടെ അച്ചൻ കോവിലാറിന്റെ കുറുകെ നിർമ്മിക്കാൻ രൂപകൽപന ചെയ്ത പാലം നിർമ്മാണം സാങ്കേതികത്വം പറഞ്ഞ് നീളുകയാണ്. ആയിരക്കണക്കിന് ഏക്കർ പാടശേഖരത്തിലെ കർഷകർക്ക് പ്രയോജനമുളളതും പളളിപ്പാട് നിന്ന് എടത്വ, തിരുവല്ല, തുടങ്ങിയ പ്രദേശങ്ങളിലേക്ക് വേഗത്തിൽ എത്തിച്ചേരുന്നതിനും ഉളള മാർഗ്ഗമാണ് ഈ പദ്ധതി. പളളിപ്പാട് പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ പാലത്തിനുളള റോഡിന്റെ വിശദരൂപരേഖയും തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കുട്ടനാട് എം.എൽ.എ തോമസ് കെ.തോമസിന്റെ സാന്നിദ്ധ്യത്തിൽ, അലൈൻമെന്റ് തീർപ്പാക്കുവാനുളള സംയുക്ത യോഗം ഇന്ന് രാവിലെ 10.30 ന് ഹരിപ്പാട് പി.ഡബ്ള്യു.ഡി റസ്റ്റ് ഹൗസിൽ ചേരുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു.