ആലപ്പുഴ: സംസ്ഥാനത്ത് ഡിജിറ്റൽ റീസർവേ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു. പൊതുജന പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ഡിജിറ്റൽ റീസർവേ നടപടികളെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായി ജില്ലയിലെ ജനപ്രതിനിധികൾക്കായി സംഘടിപ്പിച്ച ഓൺലൈൻ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അടുത്ത മാസം ആരംഭിക്കുന്ന ഡിജിറ്റൽ റീസർവേ നാലു ഘട്ടങ്ങളായി നാലു വർഷത്തിനുള്ളിൽ പൂർത്തിയാക്കും. ഡിജിറ്റൽ റീസർവേ പൂർത്തിയാകുന്നതോടെ സംസ്ഥാനത്ത് ഭൂമിയുമായി ബന്ധപ്പെട്ട് നിലവിലുള്ള ഭൂരിഭാഗം പ്രശ്‌നങ്ങൾക്കും തീർപ്പാകും. റീസർവേ സംബന്ധിച്ച് ജനങ്ങൾക്കുള്ള ആശങ്കകൾ പരിഹരിക്കുന്നതിന് പ്രാദേശികതലം മുതൽ ജില്ലാതലം വരെ ജനകീയ കമ്മിറ്റികൾ രൂപീകരിച്ച് ബോധവത്കരണം നടത്തുമെന്ന് മന്ത്രി പറഞ്ഞു.
ഡിജിറ്റൽ റീസർവ്വേയുടെ പ്രാധാന്യം ജനങ്ങൾക്ക് മനസിലാക്കിക്കൊടുക്കുന്നതിന് തദ്ദേശസ്ഥാപന ജനപ്രതിനിധികളുടെ സജീവ ഇടപെടൽ വേണ്ടതുണ്ടെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച മന്ത്രി കെ. രാജൻ പറഞ്ഞു. സർവേ ഡയറക്ടർ എസ്. സാംബശിവറാവു വിഷയം അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, കളക്ടർ ഡോ. രേണു രാജ്, എം.എൽ.എമാർ, ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാർ, അംഗങ്ങൾ, സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.