ആലപ്പുഴ: പതിവ് പ്രതിരോധ കുത്തിവെയ്പ്പുകൾ എടുക്കാൻ വിട്ടുപോയ കുട്ടികൾക്കും ഗർഭിണികൾക്കുമായി ജില്ലയിൽ ആരംഭിച്ച മിഷൻ ഇന്ദ്രധനുഷുമായി ബന്ധപ്പെട്ട് ജില്ലയിൽ കേന്ദ്രസംഘം സന്ദർശിച്ചു.മീസൽസ് ആൻഡ് റൂബല്ല പ്രതിരോധ പ്രവർത്തനങ്ങളിലെ രാജ്യാന്തര വിദഗ്ദനായ ഡോ.റോബർട്ട് ലിങ്കിൻസിന്റെ നേതൃത്വത്തിൽ ഡോ. ആശിഷ് സതാപതി, ഡോ. അരുൺ കുമാർ, ഡോ. പ്രതാപ ചന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് ജില്ലയിൽ എത്തിയത്. പുറക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിലും ആര്യാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലും സംഘം സന്ദർശനം നടത്തി. കളക്ടറുടെ ചേംബറിൽ ചേർന്ന അവലോകന യോഗത്തിൽ സംഘം മിഷൻ ഇന്ദ്രധനുഷിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി. കളക്ടർ ഡോ.രേണു രാജ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജമുന വർഗീസ്, ആർ.സി.എച്ച് ഓഫീസർ ഡോ.എസ്.ആർ. ദിലീപ് കുമാർ, ഡെപ്യൂട്ടി ഡി.എം.ഒമാരായ ഡോ. കെ. ദീപ്തി, ഡോ. അനു വർഗീസ്, ജില്ലാ മാസ് മീഡിയ ഓഫീസർ പി.എസ്. സുജ എന്നിവർ പങ്കെടുത്തു.