ആലപ്പുഴ: പദ്ധതി വിഹിത വിനിയോഗത്തിൽ 68.35 ശതമാനം കൈവരിച്ച് ആലപ്പുഴ ജില്ല സംസ്ഥാനത്ത് ഒന്നാം സ്ഥാനം നിലനിർത്തി. ജില്ലയിലെ എല്ലാ പഞ്ചായത്തുകളും 50 ശതമാനത്തിന് മുകളിൽ പദ്ധതി തുക വിനിയോഗിച്ചതായി ആസൂത്രണ സമിതി യോഗം വിലയിരുത്തി. നൂറു ശതമാനം തുക വിനിയോഗിച്ച നെടുമുടി പഞ്ചായത്താണ് ജില്ലയിൽ ഒന്നാമത്. അരൂർ, കാർത്തികപ്പള്ളി, മുഹമ്മ, തുറവൂർ എന്നീ പഞ്ചായത്തുകൾ 90 ശതമാനത്തിന് മുകളിൽ വിനിയോഗിച്ചു. പദ്ധതി വിനിയോഗ പുരോഗതിയിൽ നേട്ടം നിലനിർത്തിയതിൽ കളക്ടർ രേണു രാജ് തദ്ദേശ സ്ഥാപനങ്ങളെ അഭിനന്ദിച്ചു. 44 ഗ്രാമപഞ്ചായത്തുകളുടെയും എട്ട് ബ്ലോക്ക് പഞ്ചായത്തുകളുടെയും മൂന്നു നഗരസഭകളുടെയും വാർഷിക പദ്ധതി ഭേദഗതിക്ക് ആസൂത്രണ സമിതി അംഗീകാരം നൽകി.