fire

മാന്നാർ: മാന്നാർ നഗരത്തി​ൽ അഗ്നി​ബാധകൾ തുടർക്കഥയാകുമ്പോൾ ഇവി​ടെ ഫയർസ്റ്റേഷൻ ഇല്ലാത്തത് ഏറെ

വി​മർശനമുയർത്തുകയാണ്. അനുദിനം തിരക്കേറി വരുന്ന മദ്ധ്യതിരുവിതാംകൂറിലെ പ്രധാനപ്പെട്ട ടൗണായ മാന്നാറിൽ അടിക്കടിയുണ്ടാകുന്ന അഗ്നിബാധമൂലം വൻ നാശനഷ്ടങ്ങളാണ് ഉണ്ടാകുന്നത്. ഒരു അപകടമുണ്ടായാൽ പത്തികിലോമീറ്ററോളം ദൂരത്തുള്ള ചെങ്ങന്നൂർ,മാവേലിക്കര,തിരുവല്ല എന്നിവി​ടങ്ങളിൽ നിന്നുള്ള ഫയർ യൂണിറ്റുകളാണ് ഇപ്പോൾ മാന്നാറിലെത്തുന്നത്. ഇവിടെ നിന്ന് അഗ്നിരക്ഷാ വാഹനങ്ങൾ അരമണിക്കൂറെങ്കിലും വേണം ഓടിയെത്താൻ. കഴിഞ്ഞദിവസം മാന്നാർ ടൗണിലെ വ്യാപാരസ്ഥാപനങ്ങളിലുണ്ടായ അഗ്നിബാധയിൽ ഒരുകോടിക്ക് മുകളിലാണ് നാശനഷ്ടമെന്നാണ് വി​വരം.

ഫയർഫോഴ്‌സിനെ അറിയിച്ചിട്ടും അരമണിക്കൂറിലധികം സമയമെടുത്തു അപകട സ്ഥലത്ത് എത്തിച്ചേരാൻ. മാന്നാർടൗണിൽ ഒരുവർഷത്തിനിടെ നാലാമത്തെ തീപിടിത്തമാണ് ഉണ്ടായത്. കടവിൽ മെഡിക്കൽസ്, ശീമാസ് ടെക്സ്റ്റൈൽസ്, പുളിമൂട്ടിൽ ജൂവലറി തുടങ്ങിയ പ്രമുഖസ്ഥാപങ്ങളിലായിരുന്നു ഇതിനു മുമ്പ് അഗ്നിബാധയുണ്ടായത്. പലപ്പോഴും നാട്ടുകാരുടെയും മറ്റും സമയോചിതഇടപെടലുകളാണ് വൻദുരന്തങ്ങളിൽ നിന്നും മാന്നാറിനെ രക്ഷപ്പെടുത്തുന്നത്. ഇനിയും ഇങ്ങനെയുള്ള ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ അടിയന്തരമായി മാന്നാറിൽ ഫയർസ്റ്റേഷൻ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

അലിൻഡ് സ്വിച്ച്ഗിയർ ഫാക്ടറി, മിനിഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, നിരവധി ചെറുകിടവ്യവസായ സ്ഥാപനങ്ങൾ, ഒട്ടുപാത്ര നിർമ്മാണശാലകൾ, പ്രധാനപ്പെട്ട ആരാധനാലയങ്ങൾ, നിരവധി വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന പ്രദേശമാണ് മാന്നാർ. മാന്നാറിൽ ഫയർസ്റ്റേഷൻ വന്നാൽ ചെന്നിത്തല, ബുധനൂർ,കടപ്ര, പാണ്ടനാട്,നിരണം, വീയപുരം തുടങ്ങിയ സമീപപഞ്ചായത്തുകൾക്കും പ്രയോജനകരമാകും.

മാന്നാർ പൊലീസ് സ്റ്റേഷനോട് ചേർന്ന്തന്നെ കാടുകയറികിടക്കുന്ന സ്ഥലത്ത് ഫയർസ്റ്റേഷൻ സ്ഥാപിക്കുവാനുള്ള സൗകര്യമുണ്ട്.

,....................................


ഇവി​ടുത്തെ മന്ത്രിയുൾപ്പെടെയുള്ള ജനപ്രതിനിധികൾ ശ്രമിച്ചാൽ മാന്നാറിൽ ഫയർസ്റ്റേഷൻ യാഥാർത്ഥ്യമാകും. ഒരു മിനിഫയർ സ്റ്റേഷൻ യൂണിറ്റെങ്കിലും അടിയന്തിരമായി അനുവദിക്കണം.


അൻഷാദ് പി.ജെ, കേരള സിവിൽഡിഫൻസ് വാർഡൻ, ചെങ്ങന്നൂർ അഗ്നിരക്ഷാനിലയം

......................................

അടിക്കടിയുണ്ടാകുന്ന തീപിടുത്തം മാന്നാറിലെ വ്യാപാരിസമൂഹത്തിനു വൻനാശനഷ്ടങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്.

മാന്നാറിൽ ഫയർസ്റ്റേഷന്റെ ആവശ്യകത വ്യാപാരി വ്യവസായി ഏകോപനസമിതി നാളുകൾക്കു മുമ്പ്തന്നെ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. അടിയന്തരമായി ഫയർസ്റ്റേഷൻ സ്ഥാപിക്കുന്നതിനായി പ്രക്ഷോഭപരിപാടികൾക്ക് നേതൃത്വം കൊടുക്കുവാൻ വ്യാപാരിസമൂഹം തീരുമാനിച്ചിരിക്കുകയാണ്.

അനിൽ എസ്.അമ്പിളി, വ്യാപാരിവ്യവസായി ഏകോപനസമിതി മാന്നാർ

യൂണിറ്റ് പ്രസിഡന്റ്

........................................................

വികസനപാതയിൽ മുന്നേറുന്ന മാന്നാറിന്റെ കാലങ്ങളായുള്ള ആവശ്യമാണ് സ്വന്തമായൊരു അഗ്നിരക്ഷാനിലയം. പമ്പാനദിയുടെ തീരത്തായുള്ള മാന്നാറിൽ അതിനുവേണ്ട എല്ലാസൗകര്യങ്ങളുമുണ്ട്. ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ അടിയന്തിരമായി അധികാരികളുടെ ശ്രദ്ധ ഇക്കാര്യത്തിൽ ഉണ്ടാവണം.


റോയി പുത്തൻപുരയ്ക്കൽ , ജനറൽകൺവീനർ, ചോരാത്തവീട് പദ്ധതി