ആലപ്പുഴ: നഗരത്തിൽ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. ആലപ്പുഴ ഗേൾസ് ഹൈസ്‌കൂളിനു എതിർവശമുള്ള ആനന്ദന്റെ ഉടമസ്ഥതയിലുള്ള അനുഗ്രഹ ഹോട്ടൽ, കളർകോട് വാർഡിലെ മുഹമ്മദ് അനീഷിന്റെ ഉടമസ്ഥതയിലുള്ള സാഫ്‌റോൺ ഹോട്ടൽ എന്നിവിടങ്ങളിൽ നിന്നുമാണ് പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തത്. അനുഗ്രഹ ഹോട്ടലിൽ നിന്നും പഴകിയതും പൂത്തതുമായ നാരങ്ങ അച്ചാർ, ഫ്രിഡ്ജിൽ സൂക്ഷിച്ച പഴകിയ ന്യൂഡിൽസ് ,ചിക്കൻ, വറുത്ത ചിക്കൻ, കോളിഫ്ലവർ മാവിൽ മുക്കി വറുത്തത്,പഴകിയ ബിരിയാണിചോറ് എന്നിവ പിടികൂടി കൂടാതെ സ്ഥാപനം ലൈസൻസില്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും കണ്ടെത്തി. സാഫ്‌റോൺ ഹോട്ടലിൽ പഴകിയ നെയ്‌ചോറ്, ബീഫ്കറി, ചിക്കൻ ഗ്രേവി, മയോണൈസ് ഫ്രിഡ്ജിൽ എന്നിവയാണ് പിടിച്ചെടുത്തത്. ജനറൽ ഹോസ്പിറ്റൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന പുട്ടും കട്ടനും, പാലസ് വാർഡിലെ ഫാത്തിമ ബിരിയാണികട, ഹൗസിംഗ് കോളനി വാർഡിലെ അൽഹാൻ റെസ്റ്റോറന്റ് എന്നീ കടകളിൽ പരിശോധന നടത്തിയെങ്കിലും പഴകിയ ഭക്ഷണ സാധനങ്ങൾ ഒന്നും കണ്ടെത്താനായില്ല.കളർകോട് ഭാഗത്ത് സനാതനപുരത്തുള്ള വിജയാ ഹോട്ടലിൽ പഴകിയ ഭക്ഷണ സാധനങ്ങൾ ഒന്നും കണ്ടെത്തിയില്ലങ്കിലും അടുക്കളയും പരിസരവും വൃത്തിഹീനമാണന്ന് കണ്ടെത്തി.എച്ച്.ഐ അനിൽകുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ജെ.എച്ച്.ഐമാരായ എസ്. സതീഷ്, ബി. ശാലിമ, ഷബീന അഷ്‌റഫ് എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.