മാന്നാർ: പതിമൂന്ന് വർഷമായി മാന്നാറിന്റെ സാമൂഹ്യ സാംസ്കാരിക കാരുണ്യ മേഖലകളിൽ സജീവസാന്നിദ്ധ്യമായ മാന്നാർ സൗഭാഗ്യ സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിലുള്ള സൗഭാഗ്യ ഇന്റർനാഷണൽ ഇൻഡോർ ബാഡ്മിന്റൺ കോർട്ടിന്റെ ഒന്നാമത് വാർഷികത്തോടനുബന്ധിച്ച് കേരളത്തിലെ പ്രമുഖതാരങ്ങൾ പങ്കെടുക്കുന്ന ഷട്ടിൽബാഡ്മിന്റൺ ടൂർണമെന്റ് മാർച്ച് 11 ,12 ,13 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പ്രൊഫഷണൽ, സി-ലെവൽ, ഡി-ലെവൽ എന്നിങ്ങനെ മൂന്ന് ലെവലിലായി നടത്തുന്ന ടൂർണമെന്റിൽ കേരളത്തിലെ പ്രമുഖരായ ഇരുന്നൂറിലധികം താരങ്ങൾ പങ്കെടുക്കും. പ്രൊഫഷണൽ ലെവൽ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്നവർക്ക് കെ.എം ഹരിനാഥൻ മെമ്മോറിയൽ എവറോളിങ് ട്രോഫിയും എണ്ണായിരം രൂപയുടെ ക്യാഷ് അവാർഡും , രണ്ടാം സ്ഥാനക്കാർക്ക് നാലായിരം രൂപയും ട്രോഫിയും നൽകും. സി-ലെവൽ, ഡി-ലെവൽ മത്സരങ്ങളിൽ ഒന്നാംസ്ഥാനം ലഭിക്കുന്നവർക്ക് അയ്യായിരം രൂപയും ട്രോഫിയും, രണ്ട്, മൂന്ന് സ്ഥാനം ലഭിക്കുന്നവർക്ക് യഥാക്രമം മൂവായിരം, രണ്ടായിരം, അഞ്ഞൂറ് എന്നിങ്ങനെ കാഷ് അവാർഡും ട്രോഫിയും നൽകും.
ടൂർണമെന്റിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് നാലിന് മാവേലിക്കര ബ്ലോക്ക് പഞ്ചായത്തംഗം അനിൽ എസ്. അമ്പിളി നിർവഹിക്കും. ടൗൺവാർഡ് മെമ്പർ ഷൈന നവാസ് മുഖ്യാതിഥി ആയിരിക്കും. വാർഷികത്തിന്റെ ഭാഗമായി ബാഡ്മിന്റൺ കോർട്ടിലെ കളിക്കാർക്ക് സൗജന്യ രജിസ്‌ട്രേഷനും ഫീസിളവുകളും പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. സൗഭാഗ്യ സ്വാശ്രയ സംഘം പ്രസിഡന്റ് ഷാജി കല്ലംപറമ്പിൽ, സെക്രട്ടറി സുധീർ എലവൻസ്, കോർട്ട് ചെയർമാൻ അബ്ദുൽസമദ്, ട്രഷറർ സജികുട്ടപ്പൻ, ചാരിറ്റി കൺവീനർ ബിജു ചേക്കാസ്‌, പ്രോഗ്രാം കോ ഓർഡിനേറ്റർ പ്രശാന്ത് കുമാർ, കൺവീനർ അജിത് കുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.