
ആലപ്പുഴ: ഇരുട്ടിന്റെ മറവിൽ മാലിന്യം തള്ളാനെത്തിയവരെ കൈയോടെ പിടികൂടി നഗരസഭാധികൃതർ. നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നൈറ്റ് സ്ക്വാഡാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മാലിന്യ നിക്ഷേപകരെ പിടികൂടിയത്. നിർമ്മല ഭവനം - നിർമ്മല നഗരം 2.0 അഴകോടെ ആലപ്പുഴ പദ്ധതി പ്രകാരം ശുചീകരിച്ച ഹോട്ട് സ്‌പോട്ടുകളിലാണ് വീണ്ടും മാലിന്യം നിക്ഷേപിക്കാൻ ശ്രമമുണ്ടായത്. തിരുവാമ്പാടി വഴിയരികിലും സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലും മാലിന്യ നിക്ഷേപമുണ്ടായിരുന്നത് നഗരസഭ ജെ.സി.ബിയും തൊഴിലാളികളേയും ഉപയോഗിച്ച് ശുചീകരിച്ചിരുന്നു. ബുധനാഴ്ച്ച രാത്രി 10.30ന് ഇവിടെ ആക്ടീവയിൽ ഗാർഹിക മാലിന്യം തള്ളാനെത്തിയ ജയശങ്കറെന്ന വ്യക്തിയെയാണ് ആദ്യം പിടികൂടിയത്. പിന്നാലെ സെന്റ് ആന്റണീസ് സ്‌കൂളിന്റെ ഇടവഴിയിൽ മാലിന്യം തള്ളിയ ഐറിൻ പ്രവീൺ, വലിയ മാർക്കറ്റ് പരിസരത്ത് മാലിന്യം തള്ളിയ സലിം എന്നിവർ വലയിലായി. നഗരസഭയുടെ എയറോബിക് പ്ലാന്റിന് 20 മീറ്റർ പടിഞ്ഞാറ് ശുചീകരിക്കപ്പെട്ട കനാൽക്കരയിലും മാലിന്യ നിക്ഷേപമുണ്ടായി.
........
# പിഴ ചുമത്തി
നഗരത്തിൽ മാലിന്യ നിക്ഷേപം നടത്തിയവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പിഴ ചുമത്തി.രാത്രി 10 മുതൽ 11.30 വരെയുള്ള സമയത്താണ് മാലിന്യം തള്ളൽ വ്യാപകമാകുന്നത്. നൈറ്റ് സ്‌ക്വാഡിൽ ജെ.എച്ച്.ഐമാരായ ഷംസുദ്ദീൻ, സുമേഷ്, റിനോഷ്, ജീവനക്കാരായ രഞ്ജിത്ത്, സുധീർ, ഗണേഷ്, രാഹുൽ എന്നിവരുണ്ടായിരുന്നു.
........
പൊതുജന പരാതികൾ
* എസ്.ഡി കോളേജിനും താനാകുളത്തിനും ഇടയിലുള്ള റോഡ് സൈഡിൽ മാലിന്യം
* നോർത്ത് പൊലീസ് സ്റ്റേഷന് സമീപം എയറോബിക് കേന്ദ്രത്തിലെ റോഡിലേക്ക് മാലിന്യം വലിച്ചെറിയുന്നു
* റിലയൻസ് മാളിൽ നിന്ന് പടിഞ്ഞാറേക്കുള്ള ഗുരുമന്ദിരം റോഡിൽ മാലിന്യം തള്ളുന്നു
* ലജ്നത്ത് സ്കൂളിന് പുറകുവശം മാലിന്യ കൂമ്പാരം
.......
നൈറ്റ് സ്‌ക്വാഡിന് പിന്തുണയുമായി നഗരസഭയുടെ തൊഴിലാളികൾ ഹോട്ട് സ്‌പോട്ടുകൾക്ക് സമീപം നിശബ്ദ നിരീക്ഷണത്തിനുണ്ട്. ധാരാളം പേർ രഹസ്യവിവരം നൽകുന്നുണ്ട്.
സൗമ്യ രാജ്, നഗരസഭാദ്ധ്യക്ഷ