ambala

അമ്പലപ്പുഴ: തിരുവല്ല - അമ്പലപ്പുഴയിലെ സംസ്ഥാന പാതയിലെ റെയിൽവെ ക്രോസിൽ ഗതാഗത കുരുക്ക് രൂക്ഷമാകുന്നു. ഇരട്ടപ്പാത വന്നതോടെ കൂടുതൽ സമയം ഗേറ്റ് അടച്ചിടുന്നതാണ് ഗതാഗത കുരുക്കിന് കാരണം. ഹരിപ്പാട്‌ ഭാഗത്തു നിന്നും വരുന്ന ട്രെയിൻ പോയാലും, അമ്പലപ്പുഴ സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുന്ന ട്രെയിൻ കൂടി പോയാൽ മാത്രമാണ് ഗേറ്റ് തുറക്കുന്നത്. എ.സി റോഡിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ അതു വഴി പോകേണ്ട വാഹനങ്ങളും ഈ പാതയിലൂടെയാണ് കടന്നുപോകുന്നത്. ഗതാഗതകുരുക്ക് കൂടാതെ വാഹനങ്ങൾ തട്ടി റെയിൽവെ ക്രോസ് ബാറുകൾ തകരുന്നതും ഇവിടെ പതിവാണ്. അറ്റകുറ്റപണികൾക്കായി ഗേറ്റ് അടച്ചിട്ടാൽ സമാന്തരപാത ഇല്ലാത്തതിനാൽ വാഹനങ്ങൾ തിരികെ പോകേണ്ട അവസ്ഥയാണ്. കെ.എസ്.ആർ.ടി.സിയുടെ തിരുവല്ല ,എടത്വ, ആലപ്പുഴ, ചെങ്ങന്നൂർ, പത്തനംതിട്ട തുടങ്ങിയ ഡിപ്പോകളിൽനിന്ന് ഫാസ്റ്റ് പാസഞ്ചർ അടക്കം 150 ഓളം ട്രിപ്പുകളാണ് രാവിലെ 5 മുതൽ രാത്രി 9.30 വരെ സർവീസ് നടത്തുന്നത്. ഗതാഗതകുരുക്ക് രൂക്ഷമായാൽ റോഡിന്റെ ഇരുവശവും വാഹനങ്ങളുടെ നീണ്ട നിരയാണ് രൂപപ്പെടുന്നത്.

.......

# കുരിക്കിൽ അകപ്പെട്ട് അഗ്നിരക്ഷാ വാഹനം

അമ്പലപ്പുഴ, പുറക്കാട് ഭാഗങ്ങളിൽ അപകടങ്ങൾ ഉണ്ടായാൽ തകഴിയിൽ നിന്നാണ് അഗ്നി രക്ഷാപ്രവർത്തകർ എത്തേണ്ടത്. അഗ്നി രക്ഷാ വാഹനങ്ങളും ഈ കുരുക്കിൽപെടുന്നുണ്ട്. കഴിഞ്ഞ ദിവസം പുറക്കാട് സ്മൃതി വനത്തിലെ പുൽതകിടിക്കും, വൈദ്യുത പോസ്റ്റിനും തീപിടിച്ചപ്പോൾ അഗ്നി രക്ഷാ വാഹനത്തിന് 20 മിനിറ്റോളം കുരുക്കിൽ കിടക്കേണ്ടി വന്നിരുന്നു. ചെങ്ങന്നൂർ, തിരുവല്ല ,തകഴി ഭാഗങ്ങളിൽ നിന്നും അത്യാസന്ന നിലയിലുള്ള രോഗികളുമായി ആലപ്പുഴ മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് പോകുന്ന ആംബുലൻസുകളും, സ്വകാര്യ വാഹനങ്ങളും ഗതാഗതക്കുരുക്കിൽപ്പെടുന്നതും നിത്യസംഭവമായി മാറി.

.........

'' ലെവൽ ക്രോസ് അടച്ചിട്ടാൽ 15 മുതൽ 20 മിനിറ്റിന് ശേഷമേ തുറക്കുകയുള്ളൂ. ഇതിന് ശാശ്വത പരിഹാരത്തിനായി മേൽപ്പാലം നിർമ്മിക്കണം.

( വാഹനയാത്രക്കാർ )