
ആലപ്പുഴ: വലിയഴീക്കൽ പാലത്തിന്റെ ഉദ്ഘാടനം ആഘോഷമാക്കാനെത്തിയത് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വൻ ജനാവലി. രണ്ടു ജില്ലകളിൽനിന്നുമുള്ള ജനപ്രതിനിധികളെയും ജനങ്ങളെയും സാക്ഷിയാക്കിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ പാലം നാടിന് സമർപ്പിച്ചത്. ലൈറ്റ് ഹൗസിനോട് ചേർന്നുള്ള ഭാഗത്ത് തയ്യാറാക്കിയ ശിലാഫലകം അനാച്ഛാദനം നടത്തിയ ശേഷം മുഖ്യമന്ത്രി ഒന്നാം നമ്പർ കറുത്ത ടയോറ്റ ഇന്നോവ കാർ പാലത്തിലൂടെ കന്നി യാത്ര നടത്തിയപ്പോൾ തീരദേശവാസികൾ ഹർഷാരവം മുഴക്കിയാണ് സ്വീകരിച്ചത്. മുഖ്യമന്ത്രിക്ക് പിന്നിലായി മന്ത്രിമാരായ പി. പ്രസാദും സജിചെറിയാനും ഔദ്യോഗിക വാഹനത്തിലും അിന് പിന്നിൽ തുറന്ന കാറിൽ മന്ത്രി മുഹമ്മദ് റിയാസും രമേശ് ചെന്നിത്തലയും എ.എം. ആരീഫിന്റെയും റോഡ്ഷോയും തീരദേശവാസിീൾക്ക് ആവേശപകർന്നു.മനോഹരമായ ഈ നിർമിതിയുടെ ഉദ്ഘാടനത്തിന് നേരിട്ട് വന്നിരുന്നില്ലെങ്കിൽ വലിയ നഷ്ടമാകുമായിരുന്നു എന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ നിറഞ്ഞ കരഘോഷത്തോടെയാണ് സദസ് ഏറ്റെടുത്തത്. തീരദേശ വാസികൾ അനുഭവിക്കുന്ന ദുരിതങ്ങളായ തീരദേശ വാസികൾക്ക് പട്ടയം, വലിയഴീക്കൽ മത്സ്യബന്ധന തുറമുഖമാക്കുക, വലിയഴീക്കൽ കേന്ദ്രീകരിച്ച് തീരദേശ പൊലീസ് സ്റ്റേഷനും എയിഡ് പോസ്റ്റും സ്ഥാപിക്കുക, കടൽഭിത്തി നിർമ്മാണം തുടങ്ങിയവ സ്വാഗത പ്രസംഗത്തിൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി.
# അസാന്നിദ്ധ്യത്തിലും താരമായി ജി. സുധാകരൻ
വലിയഴീക്കൽ പലത്തിന്റെ ഉദ്ഘാടനത്തിന് വേദിയിൽ എത്തിയില്ലെങ്കിലും വേദിയിലും സദസിലും താരമായി മുൻമന്ത്രി ജി.സുധാകരൻ. സ്വാഗത പ്രസംഗത്തിൽ രമേശ് ചെന്നിത്തലയും അദ്ധ്യക്ഷ പ്രസംഗത്തിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസും മുൻ പൊതുമരാമത്ത് വകുപ്പിന്റെ ചുമത വഹിച്ച ജി. സുധാകരനെ അഭിന്ദിച്ചുള്ള വാക്കുകൾ കയ്യടിയോടെയാണ് സദസ് സ്വീകരിച്ചത്.. പാലം നിർമ്മാണത്തിന്റെ എല്ലാ ഘട്ടങ്ങളിലും പ്രതിസന്ധികളിലും നിരവധിതവണ ജി.സുധാകരൻ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച വിവരം രമേശ് ചെന്നിത്തല സ്വാഗത പ്രസംഗത്തിൽ പറഞ്ഞപ്പോൾ വലിയ കയ്യടിയോടെയാണ് സ്വീകരിച്ചത്. 2016 ഫെബ്രുവരി 27ന് ശിലാസ്ഥാപനം നടത്തി. തുടർന്ന് വന്ന ഇടത് സക്കാരിലെ മന്ത്രി ജി. സുധാകരൻ കാര്യക്ഷമമായി ഇടപെടൽ നടത്തിയത് വിസ്മരിക്കാനാകില്ല. ജി.സുധാകരന് അഭിവാദ്യം അർപ്പിച്ച് സി.പി.എം കള്ളിക്കാട് ബ്രാഞ്ച് കമ്മിറ്റിയും ഫ്ളക്സ് ബോർഡ് സ്ഥാപിച്ചതും ശ്രദ്ധേയമായി. പാലത്തിന്റെ നിർമ്മാണത്തിൽ ഓരോഘട്ടത്തിലും ജി. സുധാകരന്റെ ഇടപെടലും സ്ഥലം സന്ദർശനവും തീരദേശവാസികളുടെ ഓർമയിൽ നിറയുന്നു.