driiving

ആലപ്പുഴ: തോന്നിയപടി ഫീസ്, ഡ്രൈവിംഗ് ടെസ്റ്റ് കടന്നുകൂടുന്നതി​നുള്ള ഏതാനും അടവുകൾ മാത്രം പഠി​പ്പി​ക്കൽ. ഡ്രൈവിംഗ് സ്കൂളുകളെക്കുറി​ച്ചുള്ള പൊതുവായ പ്രവർത്തനരീതി​യുടെ നേർചി​ത്രം ഇങ്ങനെ. ഫീസ് ഏകീകരണത്തെ കുറിച്ച് ഉൾപ്പടെ ആലോചിക്കുന്നതിന് സർക്കാർ കഴിഞ്ഞവർഷം മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തിയെങ്കിലും, ഇതു വരെ റിപ്പോർട്ട് സമർപ്പിക്കപ്പെട്ടിട്ടില്ല. ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങൾക്ക് വേണ്ട നി​യന്ത്രണം കൊണ്ടുവരുന്നതി​നുള്ള അധി​കൃതരുടെ ശ്രമങ്ങൾ ലക്ഷ്യം കാണാത്ത അവസ്ഥയാണ്.

ഒരു വിദ്യാർത്ഥിക്ക് എത്ര ക്ലാസുകൾ നൽകണം, ഒരു ദിവസം എത്ര മണിക്കൂർ പഠിപ്പിക്കണം എന്നത് സംബന്ധിച്ച് യാതൊരു മാനദണ്ഡങ്ങളും നിലവിലില്ല. ഏകീകൃത ഫീസ് വാങ്ങുന്നതി​ന് യാതൊരു നി​ബന്ധനകളുമി​ല്ല. സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ നിന്ന് പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് കഴിഞ്ഞ ജനുവരിയിൽ ഗതാഗത കമ്മീഷണർ ചെയർമാനും ജോയിന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ, ഐ.ഡി.ടി.ആറിലെ ജോയിന്റ് ഡയറക്ടർ എന്നിവരംഗങ്ങളുമായ സമിതിയെ സർക്കാർ പഠന റിപ്പോർട്ട് തയാറാക്കാൻ ചുമതലപ്പെടുത്തിയത്. സംസ്ഥാനത്ത് സർക്കാർ നിശ്ചയിക്കുന്ന ഫീസ് ഘടനയില്ലാതെ പ്രവർത്തിക്കുന്ന ഏക വിദ്യാഭ്യാസ വിഭാഗമാണ് ഡ്രൈവിംഗ് സ്കൂളുകൾ.

ഫീസ് ഇഷ്ടം പോലെ

ടൂ വീലർ പഠിക്കാൻ 3000 മുതൽ 4500 വരെയാണ് ഓരോ സ്കൂളുകളും വാങ്ങുന്നത്. ഫോർ വീലറിന് 7000 മുതൽ 10000 വരെയും വാങ്ങുന്നവരുണ്ട്. ടെസ്റ്റ് പാസാകാൻ പ്രാപ്തരാക്കുക എന്നതിനപ്പുറം നിരത്തിൽ വാഹനമോടിക്കാൻ പാകത്തിനുള്ള പഠനം പല സ്കൂളുകളും നൽകുന്നില്ലെന്നാണ് പ്രധാന പരാതി. ടെസ്റ്റ് ദിവസമാണ് പേരിനെങ്കിലും തിയറി ക്ലാസ് നൽകുന്നത്.

കൈ തെളിയാൻ കീശ കീറും

ടെസ്റ്റ് പാസായി കഴിഞ്ഞാലും കൈതെളിയാനെന്ന പേരിൽ ദിവസം 1000 രൂപ വീതമാണ് ആലപ്പുഴ നഗരത്തിലെ ഒരു ഡ്രൈവിംഗ് സ്കൂൾ പരിശീലകൻ തങ്ങളിൽ നിന്ന് വാങ്ങുന്നതെന്ന് വിദ്യാർത്ഥികൾ പറയുന്നു. മോട്ടോർ വാഹന വകുപ്പിന് ഡ്രൈവിംഗ് സ്കൂളുകളുടെ നടത്തിപ്പിൽ നിയന്ത്രണമില്ലാത്തതിനാൽ പരാതിപ്പെട്ടാലും കാര്യമില്ല.

റീ ടെസ്റ്റിലും കൊള്ള

‌ഡ്രൈവിംഗ് ടെസ്റ്റിൽ പരാജയപ്പെടുന്നവർക്ക് ഫൈൻ അടച്ച് വീണ്ടും ടെസ്റ്റിൽ പങ്കെടുക്കാൻ അവസരമുണ്ട്. മോട്ടോർ വാഹന വകുപ്പിൽ 350 രൂപ ഫീസ് അടയ്ക്കേണ്ട സ്ഥാനത്ത് ചില അദ്ധ്യാപകർ വിദ്യാർത്ഥികളിൽ നിന്ന് റീ ടെസ്റ്റിന്റെ പേരിലും ആയിരം രൂപയോളം വാങ്ങുന്നുണ്ടെന്നും പരാതിയുണ്ട്.