
ആലപ്പുഴ: സംസ്ഥാനത്തെ ആദ്യ ഫ്ലോട്ടിംഗ് പാലം ആലപ്പുഴ തീരത്ത് അലയടിക്കാനുള്ള അനുമതിക്ക് ഇനിയും കാലതാമസം നേരിടുമെന്നതിനാൽ പാലത്തിന്റെ ഭാഗമായി തീരത്ത് സ്ഥാപിച്ചിരുന്ന ഹൈ ഡെൻസിറ്റി പോളി എത്തിലിൻ ബ്ലോക്കുകൾ താത്കാലികമായി നീക്കി. ആലപ്പുഴയിലെ തന്നെ ഗോഡൗണിലാണ് ബ്രിഡ്ജിന്റെ ഭാഗങ്ങൾ ഇനി സൂക്ഷിക്കുക. കോസ്റ്റൽ റഗുലേഷൻ സോണിന്റെ അനുമതിയാണ് പ്രധാനമായും പാലത്തിന് ലഭിക്കാനുള്ളത്. ഇതിന് ചുരുങ്ങിയത് ഒന്നരമാസത്തെ കാലതാമസം നേരിടുമെന്നാണ് കണക്കു കൂട്ടൽ. രണ്ട് മാസമായി തീരത്ത് കിടന്നതിനെ തുടർന്ന് പാലത്തിന്റെ സാധന സാമഗ്രികൾ പലതിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇത് തടയുന്നതിനാണ് പ്രധാനമായും ഇവ മാറ്റുന്നതെന്ന് കാപ്ച്വർ ഡെയ്സ് സംരംഭകർ പറഞ്ഞു. പ്രവർത്തനത്തിന് വേണ്ടി ഫയർ ഫോഴ്സിൽ നിന്ന് നോൺ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റിന് പകരം റിപ്പോർട്ടാണ് ലഭിച്ചിരിക്കുന്നത്. ഇതടക്കമുള്ള സാങ്കേതിക തടസങ്ങൾ നീക്കുന്ന മുറയ്ക്ക് ഫ്ലോട്ടിംഗ് ബ്രിഡ്ജ് പ്രവർത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷ.
........................
സംസ്ഥാനത്തെ ആദ്യ സംരംഭമായതിനാൽ അനുമതിക്ക് വേണ്ടി സാങ്കേതിക പരിശോധനകളടക്കം നിരവധി കടമ്പകൾ താണ്ടേണ്ടതുണ്ട്. സർട്ടിഫിക്കറ്റുകൾ ലഭിക്കുന്ന മുറയ്ക്ക് ബ്രിഡ്ജിന് പ്രവർത്തിക്കാൻ സാധിക്കും.
സൗമ്യ രാജ്, നഗരസഭാദ്ധ്യക്ഷ
..........................
പരിശോധനകൾ പൂർത്തിയാവാൻ ഒരു മാസത്തിലധികം സമയമെടുക്കും എന്നാണ് മനസിലാക്കുന്നത്. അതുവരെ തീരത്ത് കിടന്നാൽ സാധനങ്ങൾക്ക് കൂടുതൽ കേടുപാടുകൾ വരും. അനുമതി ലഭിക്കുമ്പോൾ തിരികെ കൊണ്ടുവരും.
പി.ബി. നിഖിൽ, കാപ്ച്വർ ഡേയ്സ്