valiya

ആലപ്പുഴ: കടലിനും കായംകുളം കായലിനും സമാന്തരമായി ഉദയവും അസ്തമയവും ഒരു പോലെ കൺ​നി​റയെ കാണാൻ കഴി​യുന്ന വി​ധത്തി​ൽ ഒരു കി​ലോമീറ്റർ ദൂരത്തി​ൽ ഒരു പാലം. മുഖ്യമന്ത്രി പിണറായി വിജയൻ ഗതാഗതത്തിന് തുറന്നു കൊടുത്ത ആലപ്പാട്-ആറാട്ടുപുഴ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വലിയഴീക്കൽ പാലം അപൂർവ വി​സ്മയക്കാഴ്ച്ചകളുടെ വി​രുന്നുതന്നെയാണ് ഒരുക്കുന്നത്. ഒപ്പം നി​ർമാണത്തി​ലും സവി​ശേഷതകൾ നി​റയുന്നതാണ് പാലം.

വലിയഴീക്കൽ പാലം നി​ലവി​ൽ വരുന്നതോടെ തീരദേശവാസികളുടെ ദീർഘകാല സ്വപ്നമാണ് സഫലമാകുന്നത്. വലി​യഴീക്കലി​ൽ നി​ന്ന് ദേശീയപാത വഴി​യുള്ള യാത്രയ്ക്കുള്ള ദൂരത്തേക്കാൾ 28 കിലോമീറ്ററോളമാണ് ലാഭിക്കാനാകുന്നത്.

ടൂറിസം മേഖലയിലും പുതുസാദ്ധ്യതകൾക്കാണ് പാലം വാതിൽ തുറക്കുന്നത്. തീരദേശ ഹൈവേയിൽ കായംകുളം പൊഴിമുഖത്തിനും അറബിക്കടലിനും സമാന്തരമായി നിർമ്മിച്ചിരിക്കുന്ന പാലം സവിശേഷമായ രൂപകല്പന കൊണ്ടു ശ്രദ്ധേയമാണ്. അഴീക്കൽ, വലിയഴീക്കൽ ബീച്ചുകളെയും ഹാർബറുകളെയും ബന്ധിപ്പിക്കുന്ന 981 മീറ്റർ നീളത്തി​ലുള്ള പാലം 146.5 കോടി രൂപ ചെലവിലാണ് നിർമിച്ചി​രി​ക്കുന്നത്. ജലോപരിതലത്തിൽ നിന്ന് 12 മീറ്റർ ഉയരത്തിൽ 110 മീറ്റർ നീളമുള്ള മൂന്ന് ബോസ്ട്രിംഗ് ആർച്ച് സ്പാനുകളുണ്ട്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും നീളം കൂടിയ ബോസ്ട്രിംഗ് ആർച്ച് സ്പാനാണ് ഇത്. ദേശീയപാതയിൽ ഗതാഗത തടസമുണ്ടായാൽ തൃക്കുന്നപ്പുഴ വലിയഴീക്കൽ തീരദേശ റോഡിലൂടെ ഇരു ജില്ലകളിലേക്കും പ്രവേശിക്കാനും പാലം തുറക്കുന്നതോടെ സാധിക്കും.

#സവിശേഷതകൾ

ഏഷ്യയിൽ ഏറ്റവും നീളമുള്ള ടെൻഷൻ സ്റ്റീൽ ബാർ കോൺക്രീറ്റ് ബോസ്ട്രിംഗ് പാലം

ഏഷ്യയിലെ ഏറ്റവും നീളം നീളംകൂടിയ രണ്ടാമത്തെ ബോസ്ട്രിംഗ് പാലം

തെക്കേയിൻഡ്യയിലെ ഏറ്റവും നീളം കൂടി​യ കോൺക്രീറ്റ് ആർച്ച് സ്പാനുള്ള പാലം

അഴിമുഖത്തിനു മുകളിൽ മദ്ധ്യഭാഗത്തെ മൂന്നു സ്പാനുകൾക്ക് 110 മീറ്റർ വീതം നീളം

പാലത്തി​ന്റെ ഇരുഭാഗങ്ങളി​ലും 2.2 മീറ്റർ വീതം നടപ്പാതയും ഹാൻഡ് റെയി​ലും

പാലത്തിൽ ഉടനീളം എൽ.ഇ.ഡി ലൈറ്റുകൾ

നൈറ്റ് ടൂറിസം സാദ്ധ്യത പരിഗണിച്ച് പ്രത്യേക ദീപവിതാനം