ചെങ്ങന്നൂർ: എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയനിൽ നടന്ന കോടികണക്കിനു രൂപയുടെ മൈക്രോഫിനാൻസ് തട്ടിപ്പുകൾ സംബന്ധിച്ച കേസുകളുടെ അന്വേഷണം അടിയന്തിരമായി പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം ക്രൈംബ്രാഞ്ച് നൽകണമെന്ന് ചെങ്ങന്നൂർ യൂണിയൻ ആവശ്യപ്പെട്ടു. തട്ടിപ്പിനു ഇരയായവരുടെ പേരിൽ യൂണിയൻ ബാങ്ക് അധികൃതർ നിയമനടപടികൾ സ്വീകരിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കെ ഒറ്റതവണ തീർപ്പാക്കൽ എന്ന പേരിൽ ബാങ്ക് അധികൃതർ നോട്ടീസ് അയക്കുന്നത് കോടതി അലക്ഷ്യമാണ്. ഇത് കോടതിയുടെ ശ്രദ്ധയിൽകൊണ്ടുവരുമെന്ന് ആലാ മേഖലാ സമ്മേളനത്തിൽ യൂണിയൻ ചെയർമാൻ അനിൽ അമ്പാടി, കൺവീനർ അനിൽ പി.ശ്രീരംഗം എന്നിവർ പറഞ്ഞു.ചെയർമാൻ അനിൽ അമ്പാടിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം പദ്ധതി വിശദീകരിച്ചു. അഡ്.കമ്മറ്റി അംഗങ്ങളായ എസ്.ദേവരാജൻ, ബി.ജയപ്രകാശ് തൊട്ടാവാടി, ആലാ ശാഖാ സെക്രട്ടറി പി.ഡി.വാസുദേവൻ, ചെറിയനാട് കിഴക്ക് ശാഖാ സെക്രട്ടറി സുമ സുരേഷ്, ആലാ വടക്ക് പ്രസിഡന്റ് പ്രസാദ്, തുരുത്തിമേൽ ശാഖാ പ്രസിഡന്റ് കെ.പി.രവി, ഡോ.പൽപ്പു ശാഖാ സെക്രട്ടറി സന്തോഷ്, തിങ്കളാമുറ്റം ശാഖാ സെക്രട്ടറി വി.ജി.ഗോപിനാഥൻ എന്നിവർ സംസാരിച്ചു. യൂണിയൻ അഡ്.കമ്മറ്റി അംഗം കെ.ആർ.മോഹനൻ സ്വാഗതവും 71-ാം നമ്പർ ആലാ ശാഖായോഗം പ്രസിഡന്റ് പി.കെ.പുരുഷോത്തമൻ നന്ദിയും പറഞ്ഞു.