s

ആലപ്പുഴ : മെഡിക്കൽ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരുടെ യൂണിഫോം കാക്കി നിറത്തിൽ തന്നെ തുടരാൻ ആശുപത്രി അധികൃതരുടെ തീരുമാനം. പൊലീസിന്റെ യൂണിഫോമിന് സമാനമായ കാക്കി കുപ്പായം പല ജീവനക്കാരും ദുരുപയോഗം ചെയ്യുന്നതായി കാട്ടിയുള്ള പരാതിയെത്തുടർന്ന് സുരക്ഷാ ജീവനക്കാരുടെ കാക്കി യൂണിഫോം മാറ്റണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം അമ്പലപ്പുഴ സ്റ്റേഷൻ ഓഫീസർ ആശുപത്രി സൂപ്രണ്ടിന് കത്ത് നൽകിയിരുന്നു.

എന്നാൽ സെക്യൂരിറ്റി പ്രൊട്ടക്ഷൻ ആക്ട് പ്രകാരമുള്ള ചട്ടങ്ങൾ പാലിച്ചാണ് സുരക്ഷാ ജീവനക്കാരുടെ യൂണിഫോം തയ്യാറാക്കിയിരിക്കുന്നതെന്ന് ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു. വർഷങ്ങൾക്ക് മുമ്പും സമാനമായ വിഷയം ഉയർന്നു വന്നപ്പോൾ യൂണിഫോം ഷർട്ടിൽ മെഡിക്കൽ കോളേജ് എന്ന് വലിയ ബാഡ്ജ് തുന്നിചേർത്ത് മാറ്റം വരുത്തിയിരുന്നു. ഈ മാറ്റം അന്നത്തെ പൊലീസ് മേധാവി അംഗീകരിച്ചതാണെന്നും ആശുപത്രി അധികൃതർ വാദിക്കുന്നു. ഇത് സംബന്ധിച്ച മറുപടി കത്ത് ഉടൻ പൊലീസിന് കൈമാറുമെന്നും അധികൃതർ പ്രതികരിച്ചു.

കാക്കി കുത്തകയല്ല

എക്സ് സർവീസ് ജീവനക്കാരെയാണ് സെക്യൂരിറ്റി ഗാർഡ് തസ്തികയിൽ നിയമിച്ചിരിക്കുന്നത്. ആശുപത്രി വികസന സമിതി നേരിട്ട് അഭിമുഖം നടത്തിയാണ് തിരഞ്ഞെടുപ്പ്. ഇവരാണ് കാക്കി നിറത്തിലെ യൂണിഫോം ധരിക്കുന്നത്. സ്വകാര്യ ഏജൻസി വഴി കോൺട്രാക്റ്റ് വ്യവസ്ഥയിൽ എത്തുന്ന സുരക്ഷാ ജീവനക്കാരുടെ യൂണിഫോമിന് ക്രീംനിറമാണ്. ഇത് കൂടാതെ അറ്റൻഡർമാർ, ക്ലീനിംഗ് സ്റ്റാഫ് തുടങ്ങിയവരും കാക്കി നിറമാണ് ഉപയോഗിക്കുന്നത്. കാക്കി നിറം പൊലീസിന്റെ മാത്രം കുത്തകയായി കാണാനാവില്ലെന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്.

പൊലീസ് യൂണിഫോമുമായുള്ള സാദൃശ്യം ഒഴിവാക്കണമെന്നാണ് ആവശ്യമുണ്ടായത്. യൂണിഫോമിൽ മെഡിക്കൽ കോളേജ് എന്ന ബാഡ്ജ് തുന്നി ചേർത്തിട്ടുണ്ട്. നിലവിൽ യൂണിഫോമിന്റെ നിറം മാറ്റുന്ന കാര്യം പരിഗണനയിലില്ല. ഇത് സംബന്ധിച്ച മറുപടി കത്ത് പൊലീസിന് കൈമാറും. തുടർ ചർച്ചകൾക്കും തയ്യാറാണ്

-ഡോ സജീവ് ജോർജ് പുളിക്കൻ, സൂപ്രണ്ട്, മെഡിക്കൽ കോളേജ് ആശുപത്രി