s

ആലപ്പുഴ: സംസ്ഥാന ബഡ്ജറ്റ് പ്രഖ്യാപനത്തിൽ നിരാശയോടെ ജില്ല. സ്ഥിരം പ്രഖ്യാപനങ്ങളായ കുട്ടനാട് പാക്കേജും, ചാമ്പ്യൻസ് ലീഗും, തീരദേശ, കയർ മേഖലാ വികസന പ്രഖ്യാപനങ്ങളുമൊഴിച്ചാൽ പുതിയതെന്ന് ചൂണ്ടിക്കാണിക്കാനാവുന്നതോ പ്രതീക്ഷ നൽകുന്നതോ ഒന്നും ആലപ്പുഴയ്ക്കായി ബഡ്ജറ്റിൽ ഇല്ല. 5ജി ഡീലർഷിപ്പ് പാക്കേജ് അവതരിപ്പിക്കുന്ന നാല് ഐ.ടി ഇടനാഴികളിൽ ഒന്നായി എറണാകുളം - ചേർത്തല പാതയെ എടുത്തു പറഞ്ഞിട്ടുണ്ട്. 12 ഇടങ്ങളിൽ ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങൾ നടത്തുന്നതിന് 15 കോടിയും പ്രഖ്യാപിച്ചു.

രണ്ടാം കുട്ടനാട് പാക്കേജിന് 140 കോടി

കുട്ടനാട്ടിലെ വെള്ളപ്പൊക്ക നിയന്ത്രണത്തിനും, അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്കുമായി 140 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. രാമങ്കരി, എടത്വ, ചമ്പക്കുളം, നീലംപേരൂർ, കൈനകരി എന്നീ പഞ്ചായത്തുകളിലെ വിവിധ പാടശേഖരങ്ങളിൽ അടിസ്ഥാന സൗകര്യ വികസന പ്രവൃത്തികളും ആർ.ഐ.ഡി.എഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കും. ലോവർ കുട്ടനാട്ടിലെ കാർഷികോത്പന്ന വിപുലീകരണം ലക്ഷ്യമിട്ട് കനാലുകളുടെ ആഴം കൂട്ടൽ, പുറംബണ്ട് നിർമ്മാണം, എഞ്ചിൻ തറ, ഷെഡ് എന്നിവയ്ക്കായി 20 കോടി രൂപ വകയിരുത്തി.

പാടശേഖരങ്ങളിലെ വിളനാശം കുറച്ച് നെല്ലുത്പാദനം വർദ്ധിപ്പിക്കാൻ - 54 കോടി

വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കാനുള്ള പദ്ധതികൾക്ക് ആലപ്പുഴ, കോട്ടയം ജില്ലകൾക്കായി - 33 കോടി

കുട്ടനാട് മേഖലയിലെ പ്രളയ വീട് പൈലറ്റ് പദ്ധതി - 2 കോടി

കയർ വ്യവസായത്തിന് 117 കോടി

കഴിഞ്ഞ ബഡ്ജറ്റിൽ കയർ വ്യവസായ മേഖലയ്ക്കായി വകയിരുത്തിയിരുന്ന 112 കോടി ഇത്തവണ 117 കോടിയായി വർദ്ധിപ്പിച്ചു.

കയർ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് - 10 കോടി

സഹകരണ മേഖലയ്ക്ക് - 12 കോടി

സംരംഭകർക്ക് - 20 കോടി

സാങ്കേതിക ഗവേഷണ വികസന പ്രവർത്തനങ്ങൾക്ക് നടപ്പ് വർഷം - 8 കോടി

വിപണന കേന്ദ്രം ആരംഭിക്കുന്നതിനാവശ്യമായ മാർക്കറ്റിംഗിന് - 10 കോടി

കയർ നാരുകൾ, നൂല്, ഉത്പന്നങ്ങൾ എന്നിവയുടെ വില സ്ഥിരതാ ഫണ്ടിനായി - 38 കോടി

മറ്റ് പ്രഖ്യാപനങ്ങൾ

 ആലപ്പുഴ തുറമുഖത്തെ സമുദ്ര വിനോദസഞ്ചാര കേന്ദ്രമാക്കുന്നതിന് - 2.5കോടി

 അഷ്ടമുടി, വേമ്പനാട് കായൽ ശുചീകരണം - 20 കോടി

 തോട്ടപ്പള്ളിക്ക് സമീപം പമ്പാനദീ തീരത്തെ വെള്ളപ്പൊക്ക നിയന്ത്രണ പ്രവർത്തനം - 5 കോടി

 നെല്ലിന്റെ താങ്ങുവില 28.20 രൂപയായി ഉയർത്തും
 നെൽകൃഷി വികസനത്തിന് - 76 കോടി
 തീരപ്രദേശങ്ങളെ സംരക്ഷിക്കാൻ പുതിയ പദ്ധതി - 100 കോടി
 ആദിത്യ മാതൃകയിൽ 50 ശതമാനം ഫെറി ബോട്ടുകളും സോളാർ എനർജിയിലാക്കും

 ആലപ്പുഴ ബൈപ്പാസ് ഉൾപ്പെടെയുള്ള 10 അടിസ്ഥാന സൗകര്യ വികസന പദ്ധതിക്ക് - 507 കോടി

വ്യാപാരികൾക്ക് ഒന്നുമില്ല
സംസ്ഥാന ബഡ്ജറ്റിൽ വ്യാപാരികൾക്ക് ആശാവഹമായ ഒരു നിർദ്ദേശവുമില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്‌സര പറഞ്ഞു. ആംനസ്റ്റി സ്‌കീം ആഗസ്റ്റ് 31 വരെ നീട്ടിയതും അതിന്റെ പേരിൽ വരുന്ന നികുതി ബാദ്ധ്യത ഡിസംബർ 31 വരെ അനുവദിച്ചതും മാത്രമാണ് നേരിയ ആശ്വാസം. ജി.എസ്.ടി നിയമം മൂലം വ്യാപാരികൾക്കുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണുന്ന യാതൊരു ഭേദഗതിയും പരാമർശിക്കുന്നില്ല. 2017 - 18 കാലത്ത് നിലവിൽ വന്ന ജി.എസ്.റ്റി. നിയമത്തിലെ പിഴവുകൾ മൂലം വന്ന പിഴശിക്ഷകൾ ഒഴിവാക്കുന്നതിനെപ്പറ്റി ധനമന്ത്രി മൗനം പാലിച്ചു.

മത്സ്യമേഖലയെ അവഗണിച്ചു: ധീവരസഭ

ബഡ്ജറ്റ് മത്സ്യമേഖലയെ അവഗണിച്ചതായി ധീവരസഭ ജനറൽ സെക്രട്ടറി വി.ദിനകരൻ ആരോപിച്ചു. കായംകുളം , തോട്ടപ്പള്ളി, ചെത്തി, അർത്തുങ്കൽ, ചേറ്റുവ , കാസർഗോഡ്, മുനമ്പം എന്നീ ഫിഷിംഗ് ഹാർബറുകളുടെ നിർമ്മാണത്തിന് തുക വകയിരുത്തിയിട്ടില്ല. ലൈഫ് മിഷൻ പദ്ധതി അനുസരിച്ച് മത്സ്യത്തൊഴിലാളികൾക്ക് എത്ര വീട് വച്ച് നൽകുമെന്നും പുനർഗേഹം പദ്ധതി അനുസരിച്ച് ഭവന നിർമ്മാണത്തിന് എത്ര തുക വകയിരുത്തി എന്നും സൂചനയില്ല. മത്സ്യത്തൊഴിലാളികളുടെ പെൻഷൻ വർദ്ധിപ്പിക്കുന്നതിനും ഡത്ത് കം റിട്ടയർമെന്റ് ആനുകൂല്യം നൽകുന്നതിനും ഫിഷറീസ് സ്‌ക്കൂളിലെ വിദ്യാർത്ഥികളുടെ മെസ്സ് അലവൻസ് വർദ്ധിപ്പിക്കുന്നതിനും തുക വകയിരുത്തിയിട്ടില്ല.

നിരാശാജനകം: റേഷൻ വ്യാപാരികൾ
റേഷൻ വ്യാപാരികളുടെ വേതന വ്യവസ്ഥ പരിഷ്‌കരിക്കണമെന്നും സെയിൽസ്മാന്മാർക്ക് വേതനം അനുവദിക്കണമെന്നുമുള്ള ആവശ്യങ്ങൾ ബഡ്ജറ്റിൽ ഉൾപ്പെടുത്താത്തത് പ്രതിഷേധാർഹമാണെന്ന് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാനകമ്മിറ്റി കുറ്റപ്പെടുത്തി. 2017ൽ ഇ - പോസ് മെഷീൻ മുഖേന റേഷൻ വിതരണം ആരംഭിക്കുകയും 2018ൽ വ്യാപാരികൾക്ക് നാമമാത്രമായ വേതനം അനുവദിക്കുകയും ചെയ്ത അവസരത്തിൽ നിലവിലുള്ള പാക്കേജ് ഒരു വർഷത്തിനുശേഷം കാലോചിതമായ മാറ്റം വരുത്തി നൽകാമെന്ന ഉറപ്പ് പാലിക്കാതെയാണ് ഇത്തവണത്തെ ബഡ്ജറ് അവതരിപ്പിച്ചത്. ഏപ്രിൽ 13ന് എറണാകുളത്ത് നടക്കുന്ന സംഘടനയുടെ സംസ്ഥാന കമ്മിറ്റി യോഗത്തിൽ ശക്തമായ പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകുമെന്ന് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ.ജി.കൃഷ്ണപ്രസാദ് അറിയിച്ചു.


കാർഷിക മേഖലയെ അവഗണിച്ചു

കാർഷികമേഖലയിലെ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തുവാനുള്ള നിർദ്ദേശങ്ങളില്ലാതെ തനിയാവർത്തനങ്ങൾ മാത്രമാണ് ബഡ്ജറ്റിലെന്ന് സംസ്ഥാന നെൽ--നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ പറഞ്ഞു.

എക്സൽ ഗ്ലാസിനെ മറന്നു
വ്യവസായ മേഖലയ്ക്ക് 1226 കോടി രൂപ നീക്കി വെച്ച ബഡ്ജറ്റിൽ പാതിരപ്പള്ളിഎക്‌സൽ ഗ്ലാസസ് പരമാർശ വിഷയമാകാതെ പോയത് നിരാശാജനകമാണന്ന് എ.ഐ.ടി.യു.സി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ആർ.അനിൽ കുമാർ അഭിപ്രായപ്പെട്ടു.