ഹരിപ്പാട്: സംസ്ഥാന ബഡ്ജറ്റിൽ ഹരിപ്പാട് നിയോജകമണ്ഡലത്തിന് 237 കോടി രൂപ അനുവദിച്ചു. നിയോജകമണ്ഡലത്തിലെ ആറാട്ടുപുഴ പഞ്ചായത്തിലെ മണിവേലിക്കളത്ത് തീരവേലിയേറ്റ സംരക്ഷണം, കടവത്തുപാലത്തിൽ നിന്നും വേലിയേറ്റ പ്രതിരോധം എന്നീ പ്രവർത്തനങ്ങൾക്കായി ബഡ്ജറ്റിൽ തുക അനുവദിച്ചതായി രമേശ് ചെന്നിത്തല അറിയിച്ചു. 7 കോടി രൂപയാണ് ഈ നിർമ്മാണങ്ങളുടെ അടങ്കൽ തുക. കാർത്തികപള്ളി ജംഗ്ഷന്റെ സൗന്ദര്യവത്കരണത്തിനായി 2 കോടി രൂപയുടെ അടങ്കൽ തുക വരുന്ന പ്രവർത്തിക്കും തുക അനുവദിച്ചു. കൂടാതെ ഹരിപ്പാട് താലൂക്ക് ആശുപത്രിക്ക് 30 കോടിയും ചേപ്പാട് പഞ്ചായത്ത് ഏവൂർ പാലമൂട് ചെട്ടികുളങ്ങര കണ്ണമംഗലം ഫാം റോഡു നിർമ്മാണം (10 കോടി), കരുവാറ്റ പഞ്ചായത്ത് ഊട്ടുപറമ്പ് ആധുനിക സംവിധാനമുളള നെല്ലു സംഭരണകേന്ദ്രം (5 കോടി), ആറാട്ടുപുഴ പഞ്ചായത്ത് കനകക്കുന്ന് കളളിക്കാട് പാലം (100 കോടി),ആറാട്ടുപുഴ പഞ്ചായത്ത് വലിയഴീക്കൽ ഹാർബർ വികസനം(10 കോടി), ആറാട്ടുപുഴ പഞ്ചായത്ത് വലിയഴീക്കൽ ടൂറിസം ഹബ് (10 കോടി), ഹരിപ്പാട് ഫയർ സ്റ്റേഷന്‍ പുതിയകെട്ടിട നിർമ്മാണം (5 കോടി), ഹരിപ്പാട് മെഡിക്കൽ കോളേജിനായി വാങ്ങിയ 25 ഏക്കർ സർക്കാർ സ്ഥലസംരക്ഷണം ചുറ്റുമതിൽ നിർമ്മാണം(5 കോടി), വിവിധയിനം വർക്കുകൾക്ക് ടോക്കൻ പ്രോവിഷൻ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വർക്കുകളുടെ വിശദമായ എസ്റ്റിമേറ്റ് നിർണയിച്ച് ഭരണാനുമതി ലഭിക്കുന്നതിനാവശ്യമായ എല്ലാ തുടർനടപടികളും സ്വീകരിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.