 
മാവേലിക്കര: വറ്റിവരണ്ട് മണ്ണും മാലിന്യം നിറഞ്ഞ് നികന്നു പോയ ഭരണിക്കാവിലെ നീർച്ചാലുകളും തോടുകളും പുനരുജ്ജീവിപ്പിക്കുന്നതിനായി നീർവഴിയൊരുക്കം പദ്ധതിക്ക് തുടക്കം കുറിക്കുന്നു. പദ്ധതിയുടെ പ്രാരംഭ നടപടിയായി ഭരണിക്കാവ് കമ്യൂണിറ്റി ഹാളിൽ ആലോചനാ യോഗം നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ദീപയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഹരിത കേരള മിഷൻ പ്രതിനിധി, തൃതല പഞ്ചായത്ത് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്തിന്റെ ഹൃദയഭാഗത്തു കൂടിയൊഴുകുന്ന കൊച്ചുതോടിന്റെ നവീകരണമാണ് ആദ്യത്തെ പദ്ധതി. തൃതല പഞ്ചായത്തുകളും ഹരിത കേരള മിഷനും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
തോടിന്റെ തത്സ്ഥിതി പഠനത്തിനും പദ്ധതിയുടെ വിജയം ഉറപ്പു വരുത്തുന്നതിനും 26ന് വൈകിട്ട് 3.30ന് തോടിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ ജനപ്രതിനിധികൾ ജന പങ്കാളിത്തത്തോടെ നടത്തം സംഘടിപ്പിക്കാൻ തീരുമാനിച്ചു. ആലോചനായോഗത്തിൽ ഹരിത കേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ രാജേഷ് പദ്ധതികൾ വിശദീകരിച്ചു. കൊച്ചുതോട് പുനരുജ്ജീവന പ്രോജക്ട് ജില്ലാ ആസൂത്രണ സമിതിയംഗം രജനി ജയദേവ് അവതരിപ്പിച്ചു. ചർച്ചയിൽ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.ശശിധരൻ നായർ, വി.ചെല്ലമ്മ, നിഷാ സത്യൻ, വിവിധ രാഷ്ട്രീയ കക്ഷികളെയും, സംഘടനകളെയും പ്രതിനിധീകരിച്ച് കോശി അലക്സ്, നന്ദകുമാർ, ജി.രമേശ് കുമാർ,ഷൈജു, പ്രൊ.വി.വാസുദേവൻ, സദാശിവൻ പിള്ള, റഹിയാനത്ത്,അമൽ രാജ്, രശ്മി രാജു, ഷൈലജഹാരിസ്, അംബിക, അമ്പിളി,ലളിത ഗോപാലകൃഷ്ണൻ, ജയദേവ് പാറയ്ക്കാട്ട് എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്തംഗം കെ.എസ്.ജയപ്രകാശ് സ്വാഗതവും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ്.പി.മാത്യു നന്ദിയും പറഞ്ഞു.