s

ആലപ്പുഴ : തമിഴ്നാട് ലോബി പിടിമുറുക്കിയതോടെ സംസ്ഥാനത്ത് ഇറച്ചിക്കോഴി വില ഓരോ ദിവസവും കുതിച്ചുയരുന്നത് ഉപഭോക്താക്കളെ വലയ്ക്കുന്നു. കഴിഞ്ഞ മാസം ഒരു കിലോ കോഴിയിറച്ചിയ്ക്ക് 90 രൂപയായിരുന്നു വിലയെങ്കിൽ ഇന്നലെ അത് 180 രൂപയായി ഉയർന്നു. കോഴിക്കുഞ്ഞുങ്ങളുടെയും കോഴിത്തീറ്റയുടെയും വില വർദ്ധിച്ചതോടെ സംസ്ഥാനത്തെ ഫാമുകളിൽ ഇറച്ചിക്കോഴിയുടെ ഉത്പാദനം കുറച്ചതാണ് ഇപ്പോഴത്തെ വിലവർദ്ധനവിന് കാരണം. മൊത്തവ്യാപാരികൾ വിലകൂട്ടുമ്പോൾ ചില്ലറവില്പനക്കാരും അതിന് ആനുപാതികമായി കൂട്ടേണ്ടി വരും.

കനത്ത ചൂടിൽ കോഴികളുടെ പരിപാലന ചെലവ് വർദ്ധിക്കുന്നത് മുന്നിൽ കണ്ട് ഫാമുകാർ കുഞ്ഞുങ്ങളെ വാങ്ങാതിരുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഫെബ്രുവരി ഒന്നിന് 92 രൂപയായിരുന്നു കോഴിവില. നാലിന് 97 രൂപയായി. 10ന് ഇത് 100ലെത്തി. 15ന് 110 മുതൽ 120 രൂപ വരെയായി. കഴിഞ്ഞ 20ദിവസം കൊണ്ട് കിലോഗ്രാമിന് 90രൂപയാണ് കൂടിയത്.

കോഴിത്തീറ്റ വിലയും കുത്തനെ ഉയർന്നു

കഴിഞ്ഞ ഒരുവർഷത്തിനിടെ കോഴിത്തീറ്റ വില ഇരട്ടിയോളം വർദ്ധിച്ചു. 50 കിലോഗഗ്രാമിന്റെ ചാക്കിന് 1400രൂപയിൽ നിന്ന് 2400രൂപയിലെത്തി. മൂന്നുമാസം മുമ്പ് ഒരുദിവസം പ്രായമായ കോഴിക്കുഞ്ഞിന്റെ വില 12രൂപയായിരുന്നു. ഇന്നലെ അത് 44രൂപയായി ഉയർന്നു. ആലപ്പുഴയിൽ മാത്രം ഇറച്ചിക്കോഴികളെ വളർത്തുന്ന 600ഫാമുകൾ ഉണ്ട്. എന്നാൽ, ഇപ്പോൾ ഇതിൽ പകുതി പോലും പ്രവർത്തിക്കുന്നില്ല. സംസ്ഥാനത്തെ ഫാമുകളിൽ കൂടുതലും തമിഴ്നാട് കമ്പനികൾ വാടകയ്ക്കെടുത്ത് കോഴിവളർത്തൽ ആരംഭിച്ചു. കോഴിക്കുഞ്ഞുങ്ങളെയും തീറ്റയും കമ്പനിക്കാർ ഫാം ഉടമകൾക്ക് എത്തിച്ചു കൊഴുക്കും.

ഇറച്ചിക്കോഴി വില

ഇന്നലെ

ലൈവ്......₹170-180

മീറ്റ്.... ₹250-260

20ദിവസം മുമ്പ്

ലൈവ് .....₹70-80

മീറ്റ്.....₹140-160

സംസ്ഥാനത്തെ കോഴിഫാമുകളിൽ ഉത്പാദനം കഴിഞ്ഞ ആറുമാസമായി 40ശതമാനത്തിൽ താഴെയാണ്. വില നിയന്ത്രിക്കാനും ഫാം ഉടമകളെ സംരക്ഷിക്കാനും സർക്കാർ അടിയന്തരമായി ഇടപെടണം.

- സുരേഷ് ബാബു, ഫാം ഉടമ