s
കയർ

ആലപ്പുഴ : പരമ്പരാഗത വ്യവസായമായ കയർ മേഖലയുടെ അതിജീവനത്തിനും പ്രോത്സാഹനത്തിനും കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ തുക സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തിയത് ഈ രംഗത്തുള്ളവർക്ക് ആശ്വാസം പകരുന്നു. പ്രതിസന്ധിയിലായ വ്യവസായത്തിന് കൈത്താങ്ങാകുന്നതിനും മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് തൊഴിൽസ്ഥിരതയും ക്ഷേമവും ഉറപ്പുവരുത്തുന്നതിനുമായുള്ള പ്രത്യേക പദ്ധതിയ്ക്കുള്ള 42 കോടി ഉൾപ്പെടെ 117കോടി രൂപയാണ് ബഡ്ജറ്റിൽ ഉൾപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തെക്കാൾ അഞ്ചുകോടി രൂപ കൂടുതലാണിത്.

പ്രത്യേക പദ്ധതിയിലൂടെ പരമ്പരാഗത വ്യവസായത്തിന് കൂടുതൽ കരുത്തുപകരുകയാണ് സർക്കാർ ലക്ഷ്യം. ആദ്യമായാണ് സഹകരണ സംഘങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വകാര്യ സംരംഭകർ തുടങ്ങിയ മേഖലകൾക്ക് പ്രത്യേകം തുക അനുവദിച്ചത്. കയർമേഖലയിലെ ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിനായി വിപണന കേന്ദ്രം തുടങ്ങാനുള്ള തീരുമാനവും മേഖലയ്ക്ക് കടുത്തു പകരും. കയർ വ്യവസായ മേഖലയിൽ ഇടനിലക്കാരെ ഒഴിവാക്കാനായി നിറുത്തലാക്കിയ ഡപ്പോസമ്പ്രദായം തിരികെ കൊണ്ടുവരാനുള്ള കയറ്റുമതിക്കാരുടെ നീക്കം കയർപിരി മേഖലയിലും ചെറുകിട ഉത്പാദക മേഖലയിലും കടുത്ത പ്രതിസന്ധി ഇതിനകം സൃഷ്ടിച്ചിരുന്നു. ഇത് കയർ കോർപറേഷനെയും ചെറുകിട ഉത്പാദകരെയും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലുമാക്കി. കയർ കോർപറേഷൻ വഴി സംഭരിച്ച കയർ ഭൂവസ്ത്രം, ചകിരിത്തടുക്ക്, ചവിട്ടി, കയർ പായ് തുടങ്ങിയ 70കോടി രൂപയുടെ ഉത്പന്നങ്ങൾ ഇപ്പോൾ കെട്ടികിടക്കുകയാണ്.

ആകെ നീക്കി വച്ചത് : ₹117കോടി

ബഡ്ജറ്റി​ൽ വകയി​രുത്തി​യ തുക (കോടിയിൽ)

സഹകരണ സംഘങ്ങൾക്ക് : 12

സ്വകാര്യ സംരംഭകർക്ക് : 20

പൊതുമേഖലാ സ്ഥാപനങ്ങൾക്ക് : 10

വിലവ്യതിയാന ഫണ്ട് : 38 (ചകിരി, കയർ, കയർ ഉത്പന്നങ്ങൾ)

മാർക്കറ്റിംഗ് വിപുലപ്പെടുത്തൽ : 10(മാർക്കറ്റിംഗ്, പ്രചാരണം, വ്യാപാര പ്രദർശനം)

മറ്റ് പദ്ധതികൾക്ക് : 27

കയർ മേഖലയുടെ വികസനത്തിന് ആശ്വാസവും പ്രതീക്ഷയും പകരുന്നതാണ് സംസ്ഥാന ബഡ്ജറ്റ്. സഹകരണ സംഘങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്ന നിർദേശങ്ങൾ മേഖലയുടെ പുരോഗതിക്ക് കൂടുതൽ അടിത്തറ പാകും. കയർ മേഖലയ്ക്ക് കൂടുതൽ ധനസഹായം നൽകിയ ധനം-കയർ വകുപ്പുകളുടെ സഹകരണം അഭിനന്ദനാർഹമാണ്.

അഡ്വ. എൻ. സായികുമാർ, പ്രസിഡന്റ്, കയർഫെഡ്.

" കയർ മേഖലയുടെ വികസനത്തിന് പ്രത്യേക താത്പര്യമെടുത്ത് മുൻ വർഷത്തേക്കാൾ കൂടുതൽ തുക നീക്കിവച്ച സർക്കാരിനെ അഭിനന്ദിക്കുന്നു.

ജി. വേണുഗോപാൽ, ചെയർമാൻ, കയർകോർപറേഷൻ

"വിപണന മേഖല ശക്തിപ്പെടുത്തുന്നതിന് ബഡ്ജറ്റിൽ തുക കുറവാണ്. ഉത്പന്ന മേഖലയിൽ കമ്പനി രൂപീകരിക്കുമെന്ന നിർദ്ദശം നടപ്പാക്കണം.

എം.പി. പവിത്രൻ, പ്രസിഡന്റ്, ചെറുകിട കയർ ഉത്പാദക സംഘം