ഹരിപ്പാട്: സുവർണ ജൂബിലി ആഘോഷത്തിന്റെ നിറവിലുള്ള കരുവാറ്റ ശ്രീനാരായണ ധർമസേവാസംഘത്തിൽ പുതുതായി പണികഴിപ്പിച്ച ഗുരുമന്ദിരത്തിൽ ശ്രീനാരായണ ഗുരുദേവന്റെ വെണ്ണക്കൽ പ്രതിഷ്ഠയും ശാരദാദേവി ക്ഷേത്രത്തിൽ ശാരദാദേവിയുടെ കൃഷ്ണശിലാ പ്രതിഷ്ഠയും 16ന് നടക്കും.

രാവിലെ 7ന് ചേർത്തല നീലിമംഗലം ശശിധരൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങ്. പ്രതിഷ്ഠാ കർമ്മത്തിന് മുന്നോടിയായുള്ള വിഗ്രഹഘോഷയാത്ര കവറാട്ട് മഹാദേവ ക്ഷേത്രത്തിൽ നിന്ന് കോടുകുളഞ്ഞി ശ്രീനാരായണ വിശ്വധർമ്മ മഠാധിപതി സ്വാമി ശിവബോധാനന്ദയുടെ അനുഗ്രഹാശിസുകളോടെ ആരംഭിച്ച് വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി കരുവാറ്റ കെ.പി. വൈദ്യർ ജംഗ്ഷനിൽ എത്തി അവിടെ നിന്നും പൂത്താലത്തിന്റെയും, വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ ശ്രീനാരായണ ധർമ്മ സേവാ സംഘത്തിൽ എത്തിച്ചേർന്നു.

പ്രതിഷ്ഠാ ചടങ്ങുകളുടെ രണ്ടാം ദിവസം മൃത്യുഞ്ജയ ഹോമവും മഹാസുദർശന ഹോമവും മൂന്നാം ദിവസം താഴികക്കുട പ്രതിഷ്ഠയും നടക്കും. ആറാം ദിവസമായ 16ന് രാവിലെ 7ന് പ്രതിഷ്ഠാ കർമ്മം. തുടർന്ന് ഉച്ചക്ക് 1ന് അന്നദാനം. വൈകിടണ്ട് 4ന് ക്ഷേത്ര സമർപ്പണ സമ്മേളനവും സുവർണ്ണ ജൂബിലി സമാപനവും നടക്കും. ശ്രീനാരായണ ധർമ്മ സേവാ സംഘം പ്രസിഡന്റ് ദിനു വാലുപറമ്പിൽ അദ്ധ്യക്ഷനാകും. രമേശ് ചെന്നിത്തല എം.എൽ.എ ഗുരുമന്ദിര സമർപ്പണവും മുൻ എം.എൽ.എ. ടി.കെ ദേവകുമാർ ശാരദാദേവി ക്ഷേത്രസമർപ്പണവും നിർവഹിക്കും. എസ്. എൻ. ഡി. പി യോഗം കാർത്തികപ്പള്ളി യൂണിയൻ പ്രസിഡന്റ് അശോകപ്പണിക്കർ സുവർണ ജൂബിലി സമാപന സന്ദേശം നൽകും. കോടുകുളഞ്ഞി ശ്രീനാരായണ വിശ്വധർമ്മ മഠാധിപതി സ്വാമി ശിവബോധാനന്ദ ടഅനുഗ്രഹപ്രഭാഷണം നടത്തും. കരുവാറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ്, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ടി.എസ്. താഹ, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു, ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. അനസ് അലി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പൊന്നമ്മ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അനിദത്തൻ, കെ.ആർ.പുഷ്പ, ഷാജി കരുവാറ്റ, നാഥൻ വി.കെ, ശ്രീനാരായണ ധർമ്മസേവാസംഘം ജോയിന്റ് സെക്രട്ടറി എ.സുനിൽകുമാർ, ട്രഷറർ കെ.ആർ.രാജൻ, ഭരണസമിതി അംഗങ്ങളായ യതീന്ദ്രദാസ്, യു. മുരളീധരൻ, ബി.അശോകൻ, ഗോകുൽ ജി. ദാസ്, വിനോദ്ബാബു, ഷാജി, ഡി.ദേവദത്തൻ, ലേഖാ മനോജ്, പ്രസന്നാദേവരാജൻ, അംബികരവീന്ദ്രൻ എന്നിവർ സംസാരിക്കും. ധർമ്മ സേവാസംഘം സെക്രട്ടറി ബി.കുഞ്ഞുമോൻ സ്വാഗതവും വൈസ് പ്രസിഡന്റ് ടി.മോഹൻകുമാർ നന്ദിയും പറയും. ഒൻപതാം ദിവസമായ 19ന് രാവിലെ 6ന് നടതുറപ്പ്, കണിദർശനം, കലശപൂജ, വൈകിട്ട് 6.45 ന് ദീപാരാധന, താലപ്പൊലി വരവ് എന്നിവ നടക്കും.