s
ലൈഫ്

ആലപ്പുഴ: ലൈഫ് മിഷന്റെ വീട് ലഭിക്കാൻ 2017ലെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാത്തവർ പിന്നീട് നൽകിയ അപേക്ഷകളുടെ ഒന്നാം ഘട്ട അർഹതാ പരിശോധന ജില്ലയിൽ പൂർത്തിയായി. സൂപ്പർ പരിശോധന 15ന് മുമ്പ് പൂർത്തീകരിച്ച് ഈ മാസം അവസനത്തോടെ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിക്കാനാണ് ലക്ഷ്യം.

ആകെ 63,922 അപേക്ഷകളാണ് ഓൺലൈനിൽ ലഭിച്ചത്. ഇതിൽ 48,403 പേർ ഭൂമിയുള്ള ഭവനരഹിതരും 14,942 പേർ ഭൂരഹിതരായ ഭവനരഹിതരുമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ ഗുണഭോക്താക്കളുടെ താമസ സ്ഥലങ്ങളിലെത്തി നടത്തിയ പരിശോധനയിൽ 52,640 കുടുംബങ്ങൾ അർഹരാണെന്ന് കണ്ടെത്തി. എന്നാൽ ഗുണഭോക്താക്കൾ അപേക്ഷകരിൽ 40ശതമാനത്തിൽ കൂടരുതെന്നാണ് സർക്കാർ നിർദ്ദേശം. ഇതിനായി 36,725 കുടുംബങ്ങളെ കണ്ടെത്തുന്നതിനായി സൂപ്പർ പരിശോധനക്കായി 397 ജീവനക്കാരെ നിയോഗിച്ചു. അദ്ധ്യാപകരും ട്രഷറി ജീവനക്കാരും പ്രതിഷേധവുമായി രംഗത്ത് എത്തിയെങ്കിലും നടപടികൾ പൂർത്തീകരിക്കാനുള്ള ജോലികളിൽ ഏർപ്പെടണമെന്ന് ജില്ലാഭരണകൂടം ഉറച്ച നിലപാടെടുത്തു. ഇവർക്കുള്ള യുസർ നെയിം, പാസ് വേഡ് എന്നിവ ലഭിച്ചാൽ അടുത്തദിവസം മുതൽ സൂപ്പർ പരിശോധന ആരംഭിച്ച് 15ന് മുമ്പ് പൂർത്തീകരിക്കും. 30ന് ലിസ്റ്റ് പ്രസിദ്ധീകരിക്കും. തുടർന്ന് ബ്ളോക്ക് തലത്തിലും ജില്ലാതലത്തിലും ആക്ഷേപങ്ങൾ സ്വീകരിക്കും. ഇതിന് ശേഷം അന്തിമ പട്ടിക ഗ്രാമസഭയുടെ അംഗീകാരം നേടിയ ശേഷം പഞ്ചായത്ത് സമിതികൾ ലിസ്റ്റിന് അന്തിമ അംഗീകാരം നൽകും.

നൽകേണ്ട രേഖകൾ

റേഷൻ കാർഡ്, ആധാർ കാർഡ്, വരുമാന സാക്ഷ്യപത്രം, ഭൂമിയുടെ കരം അടച്ച രസീത്, മുൻഗണന ലഭിക്കുന്നതിനായി സമർപ്പിച്ച രേഖകൾ, ഭൂമിയില്ലാത്തവർ അതുസംബന്ധിച്ച സാക്ഷ്യപത്രം തുടങ്ങിയവയുടെ അസൽ പരിശോധനയ്ക്കായി അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകണം.

ഗുണഭോക്തൃ പട്ടിക

ഒന്നും രണ്ടും ഘട്ടത്തിൽ തയ്യാറാക്കിയ ഗുണഭോക്തൃപട്ടികയിൽ 29,445 പേർ ഭൂമിയുള്ള ഭവനരഹിതരും 9539 പേർ ഭൂരഹിത ഭവനരഹിതരുമാണ് നിലവിലുള്ളത്. ഇതിൽ ഭൂമിയുള്ള ഭവനരഹിതരായ 24,733പേർ വീടുവെയ്ക്കുന്നതിനുള്ള പ്രവർത്തനം ആരംഭിച്ചു. ഭൂമിയില്ലാത്തവരുടെ പട്ടികയിൽ ഉൾപ്പെട്ടവരിൽ 1779 പേർ ഭൂമി വാങ്ങിയിട്ടുണ്ട്. ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ 1000 പേർക്ക് മൂന്ന് സെന്റ് സ്ഥലം വാങ്ങുന്നതിന് 2.5ലക്ഷം രൂപ വീതം നൽകാൻ സന്നദ്ധത അറിയിച്ച് രംഗത്തെത്തി. ഭൂമി വാങ്ങുന്നതിന് 2ലക്ഷം രൂപയും 600ചതുരശ്ര അടിയ്ക്ക് താഴെയുള്ള വീട് നിർമ്മിക്കുന്നതിന് 4 ലക്ഷം രൂപയുമാണ് ലൈഫ് മിഷൻ നൽകുന്നത്.

ലഭിച്ച അപേക്ഷകൾ

ആകെ: 63,922

അർഹർ: 52,640

മാർച്ച് 15ന് മുമ്പ് സൂപ്പർ ചെക്കിംഗ് പൂർത്തികരിച്ച് 30ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

- പ്രദീപ്കുമാർ, ജില്ലാ കോഓർഡിനേറ്റർ, ലൈഫ് മിഷൻ