ആലപ്പുഴ: ജില്ലയെ സമ്പൂർണമായി അവഗണിച്ച ബജറ്റാണ് ഇത്തവണത്തേതെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് ആർ. സന്ദീപ് വാചസ്പതി ആരോപിച്ചു. കയർ, മത്സ്യബന്ധന, ടൂറിസം മേഖലകളുടെ ഉണർവിനായി ഒരു പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ ബഡ് ജറ്റുകളിൽ പ്രഖ്യാപിച്ച നടപ്പാക്കാത്ത പദ്ധതികൾ വീണ്ടും അവതരിപ്പിച്ചതാണ് ഇടത് നേതാക്കൾ വലിയ കാര്യമായി കൊട്ടിഘോഷിക്കുന്നത്. ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവിതം വഴിയാധാരമാക്കിയ എക്‌സൽ ഗ്ലാസ് ഫാക്ടറി ഏറ്റെടുക്കാൻ തുക വകയിരുത്തിയില്ല. കോമളപുരം സ്പിന്നേഴ്‌സിന്റെ നവീകരണത്തിന് നടപടി സ്വീകരിക്കാത്തതും തൊഴിലാളികളോടുള്ള വെല്ലുവിളിയാണ്. തോട്ടപ്പള്ളി, ചെത്തി, അർത്തുങ്കൽ എന്നിവിടങ്ങളിൽ മത്സ്യബന്ധന തുറമുഖങ്ങൾ വേണമെന്ന ദീർഘകാല ആവശ്യം ഇത്തവണയും പരിഗണിക്കാത്തത് മത്സ്യത്തൊഴിലാളികളോടുള്ള അവഗണനയാണ്. നഗരത്തിലെ ഗതാഗത കുരുക്ക്, മാലിന്യ കൂമ്പാരം, ശുദ്ധജല ദൗർലഭ്യം എന്നിവയ്ക്ക് പരിഹാരം കാണാൻ സർക്കാരിന് താത്പര്യമില്ലെന്നാണ് ബഡ്ജറ്റിൽ നിന്ന് വ്യക്തമായതെന്നും സന്ദീപ് വാചസ്പതി പറഞ്ഞു.