muhammed-ameen
മുഹമ്മദ് അമീൻ

മാന്നാർ : കിഴക്കൻ യുക്രെയിൻ നഗരമായ സുമിയിൽ പതിനാലു ദിവസത്തെ ബങ്കർ ജീവിതം നൽകിയ ദുരിതത്തിൽ നിന്ന് മോചിതനായി നാട്ടിൽ തിരിച്ചെത്തിയതിന്റെ ആശ്വാസത്തിലാണ് മാന്നാർ കിഴക്കേപാലക്കീഴിൽ മുഹമ്മദ് അമീൻ (22). ഇന്നലെ പുലർച്ചെയോടെയാണ് അമീൻ വീട്ടിലെത്തിയത്. അഞ്ചാംവർഷ മെഡിക്കൽ വിദ്യാർത്ഥിയായ മുഹമ്മദ് അമീൻ നാട്ടിലെത്തുന്നതും കാത്ത് പ്രാർത്ഥനയുമായി കഴിയുകയായിരുന്നു മാതാപിതാക്കളായ അബ്ദുള്ളയും നസീമയും സഹോദരങ്ങളായ മുഹമ്മദ് അഫീഫ്, ആലിയ ഹനാൻ, ആദില ഹനാൻ എന്നിവരും.

സുമിയിൽ കുടുങ്ങിക്കിടന്നവരെ ഒഴിപ്പിക്കാനായിരുന്നു ഒരാഴ്ചയായി കേന്ദ്രസർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. വെടിനിർത്തലും സുരക്ഷിതപാതയും ഒരുക്കിയതിനു ശേഷം വിദ്യാർത്ഥികളുൾപ്പെടെയുള്ള ഇന്ത്യൻ പൗരന്മാരെ സുമിയിൽ നിന്നും 175 കി.മീ അകലെയുള്ള പോൾട്ടോവയിൽ എത്തിച്ച് അവിടെ നിന്നും പടിഞ്ഞാറൻ അതിർത്തിവഴി പോളണ്ടിൽ എത്തിച്ചു. പിന്നീട് എയർഇന്ത്യയിൽ ഏഴുമണിക്കൂർ യാത്രചെയ്ത് ഡൽഹിയിൽ എത്തുമ്പോൾ കേരളത്തിന്റെ പ്രത്യേക പ്രതിനിധി വേണു രാജാമണി ഉൾപ്പെടെയുള്ളവർ സ്വീകരിക്കാൻ നേരിട്ടെത്തിയിരുന്നു.

11ന് വെളുപ്പിന് കൊച്ചിയിലേക്ക് തിരിക്കാമെന്നറിയിച്ചിരുന്നുവെങ്കിലും രാത്രിപത്തരയോടെയാണ് നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയത്. അപ്പോഴേക്കും കണ്ണൂർ, തിരുവനന്തപുരം ഭാഗങ്ങളിലേക്ക് പോകാൻ പ്രത്യേകം ബസുകൾ തയ്യാറാക്കിയിട്ടിരുന്നു. അമീൻ ബസിൽ ഹരിപ്പാട് വന്നിറങ്ങി പിതാവിനോടും സഹോദരങ്ങളോടുമൊപ്പം മാന്നാറിൽ എത്തുമ്പോൾ ശനിയാഴ്ച പുലർച്ചെ രണ്ടുമണി കഴിഞ്ഞു.

കാതടിപ്പിക്കുന്ന സ്ഫോടനങ്ങളുടെ ഭീകരശബ്ദം ഇപ്പോഴും മനസിൽ നിന്ന് മാഞ്ഞിട്ടില്ലെന്ന് അമീൻ പറയുന്നു. തണുത്തുറഞ്ഞ കാലാവസ്ഥയിൽ ഐസ് ശേഖരിച്ചുവച്ചാണ് ഉപയോഗിക്കാനുള്ള വെള്ളം കണ്ടെത്തിയിരുന്നത്. നടുക്കുന്ന ഓർമ്മകൾ പിന്തുടരുമ്പോഴും തന്നെപ്പോലുള്ള ആയിരങ്ങളുടെ പാതിവഴിയിലെത്തിയ വിദ്യാഭ്യാസം പൂർത്തീകരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വേണ്ടത് ചെയ്യുമെന്നുള്ള പ്രതീക്ഷയിലാണ് മുഹമ്മദ് അമീനും കുടുംബവും.