pipe

അടുക്കളമാലിന്യസംസ്കരണത്തിന് പൈപ്പ് കമ്പോസ്റ്റ് വ്യാപകമാകുന്നു

ആലപ്പുഴ: ജൈവ മാലിന്യം സംസ്കരിക്കാം. ഒപ്പം അടുക്കളത്തോട്ടത്തിലെ വിളകൾക്ക് മികച്ച വളവും. അടുക്കളമാലിന്യത്തിൽ നിന്നുള്ള ജൈവമാലിന്യ സംസ്കരണത്തിനായുള്ള പൈപ്പ് കമ്പോസ്റ്റ് സംവിധാനം നഗര, ഗ്രാമപ്രദേശങ്ങളിൽ ഏറെ ജനപ്രിയമാകുകയാണ്.

പൈപ്പ് കമ്പോസ്റ്റ് ജില്ലയിലുടനീളം വ്യാപിപ്പിക്കുവാനുള്ള ആലോചനയിലാണ് അധികൃതർ. ത്രിതല പഞ്ചായത്ത് സമിതികളുടെ പുതിയ വികസന പദ്ധതികളിൽ ഇത്തരത്തിലുള്ള മാലിന്യ സംസ്കരണത്തിന് പ്രാധാന്യം നൽകാനുള്ള തയ്യാറെടുപ്പിലാണ് പല ഗ്രാമപഞ്ചായത്തുകളും.

ഖര മാലിന്യങ്ങൾ ഹരിതസേന തുടങ്ങിയവയുടെ പ്രവർത്തനങ്ങളിലൂടെ സംസ്കരിക്കപ്പെടുമ്പോൾ വീടുകളിലെ ജൈവ മാലിന്യം സംസ്കരിക്കുന്നതിനുള്ള ഫലപ്രദമായ മാർഗം എന്ന നിലയിലാണ് പൈപ്പ് കമ്പോസ്റ്റ് നിർമ്മാണ പദ്ധതിക്ക് പുതിയ പ്രാധാന്യം കൈവരുന്നത്.

ഫ്‌ളാറ്റുകളിലും മൂന്നോ നാലോ സെന്റിലും താമസിക്കുന്നവരുടെ അടുക്കളയിലെ ജൈവമാലിന്യങ്ങൾ സംസ്‌കരിക്കാൻ പെടാപ്പാടുപെടുന്ന അവസ്ഥയുണ്ട്. വേസ്റ്റ് ബിൻ, ബയോഗ്യാസ് പ്ലാന്റ് എന്നിവയേക്കാൾ ചെലവ് കുറഞ്ഞ മാലിന്യ സംസ്‌കരണ രീതിയാണ് പൈപ്പ് കമ്പോസ്റ്റ്. പരസഹായം കൂടാതെ വീട്ടിൽ സ്വന്തമായി സ്ഥാപിക്കാവുന്ന ഒരു സംവിധാനം കൂടിയാണിതെന്ന ആകർഷണവുമുണ്ട്.

പൈപ്പ് കമ്പോസ്റ്റ് നിർമിക്കാൻ

പത്ത് ഇഞ്ച് വ്യാസമുള്ള 1.3 മീറ്റർ നീളത്തിൽ അടപ്പോടുകൂടിയ പി.വി.സിയോ സിമെന്റോ പൈപ്പ് അടുക്കളഭാഗത്ത് വെള്ളം കെട്ടി നിൽക്കാത്ത സ്ഥലത്ത് സ്ഥാപിക്കണം. ഓരോ പൈപ്പും 30 സെന്റീമീറ്റർ താഴ്ത്തി മൂന്നടി അകലത്തിൽ കുത്തനെ കുഴിച്ചിടണം. കുഴിയിൽ പൈപ്പിന് ചുറ്റും ചരൽ ഇടണം. മണ്ണിരകൾക്ക് പ്രവേശിക്കാൻ പൈപ്പിന്റെ മണ്ണിനടിയിലുള്ള ഭാഗത്ത് മൂന്നു നാല് സുഷിരങ്ങളിടണം. പൈപ്പിന്റെ മുകൾ ഭാഗത്തിന് തൊട്ടുതാഴെ വായുസഞ്ചാരത്തിനും ദുർഗന്ധം ഇല്ലാതാക്കാനും മൂന്നുനാല് സുഷിരങ്ങൾ ഉണ്ടാക്കണം. മാലിന്യങ്ങൾ നിക്ഷേപിച്ചതിന ശേഷം പൈപ്പിന് മുകൾഭാഗം നന്നായി മൂടണം. ചെറിയ കുടുംബത്തിലെ രണ്ടുമാസത്തെ മാലിന്യം ഇടാൻ ഒരു പൈപ്പ് മതിയാകും. ആദ്യ പൈപ്പ് നിറയുമ്പോൾ രണ്ടാമത്തെ ഉപയോഗിക്കാം. രണ്ടാമത്തേത് നിറയുമ്പോഴേക്കും ആദ്യ പൈപ്പിലെ മാലിന്യം വളമായി മാറും. 60 ദിവസം കൊണ്ട് ഒരു പൈപ്പിനകത്തുള്ള മാലിന്യം മികച്ച ജൈവവളമായി മാറും.

...........................................

# ശ്രദ്ധിക്കേണ്ടത്

ആദ്യമായി പച്ചച്ചാണകം കലക്കിയോ ശർക്കര വെള്ളമോ ഒഴിക്കണം

അഴുകി പോകുന്ന തരത്തിലുള്ള ജൈവമാലിന്യങ്ങൾ നിക്ഷേപിക്കണം

ആഴ്ചയിൽ രണ്ട് പിടി ചാണകപ്പൊടി വിതറുന്നതും നന്നായിരിക്കും

ഉണങ്ങിയ ഇലകളും മറ്റും പൊടിച്ചു പൈപ്പിനകത്ത് ഇടുന്നത് വായുസഞ്ചാരം ഉറപ്പാക്കും

കഞ്ഞിവെള്ളം കറിയുടെ വെള്ളം തുടങ്ങിയവ സംസ്‌കരണപ്രക്രിയ തടസപ്പെടുത്തും.

പൈപ്പിന് ഇളക്കം വരാതെ ഇടയ്ക്ക് മാലിന്യങ്ങൾ ഇളക്കി കൊടുക്കാൻ ശ്രദ്ധിക്കണം

............................................

"അടുക്കളമാലിന്യം സംസ്കരിക്കാൻ ചെലവുകുറഞ്ഞ പൈപ്പ് കമ്പോസ്റ്റ് പദ്ധതിയിലൂടെ ജൈവവളവും മാലിന്യ സംസ്കരണവും വ്യാപിപ്പിക്കാൻ ത്രിതല സമിതികൾ മുൻകൈയ്യെടുക്കണം. എല്ലാ വീടുകളിലും പൈപ്പ് കമ്പോസ്റ്റ് പദ്ധതി നടപ്പിലാക്കിയാൽ അധിക കമ്പോസ്റ്റ് വാണിജ്യ അടിസ്ഥാനത്തിൽ വിപണനവും തൊഴിലവസരം സൃഷ്ടിക്കും.

അഡ്വ. എസ്. ജ്യോതികുമാർ,സാമൂഹ്യ പ്രവർത്തകൻ

..................................

ജൈവമാലിന്യ സംസ്കരണത്തിന് പ്രാധാന്യം നൽകുന്നതരത്തിലുള്ള പദ്ധതികൾക്ക് ഊന്നൽ നൽകും. ഇതിന്റെ ഭാഗമായി പുതിയ സാമ്പത്തിക വർഷത്തിൽ പൈപ്പ് കമ്പോസ്റ്റ് നിർമ്മിക്കുന്നത് ഉൾപ്പെടെയുള്ള പദ്ധതി നടപ്പാക്കാൻ സജീവ പരിഗണനയിലാണ്. എസ്. വിനോദ്കുമാർ, പ്രസിഡന്റ്, തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത്.