
കുട്ടി കർഷകർക്ക് പ്രോത്സാഹനവുമായി
'ബാലകൃഷി' പദ്ധതി
ആലപ്പുഴ: ബാലകർഷകർക്ക് പ്രോത്സാഹനമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ 'സമൂഹ നന്മയ്ക്കായി ബാല കൃഷി' എന്ന പദ്ധതിക്ക് തുടക്കമായി. ഓരോ തദ്ദേശ സ്ഥാപനങ്ങളിലെയും മികച്ച രീതിയിൽ പ്രവർത്തനം നടന്നുവരുന്ന അഞ്ച് വീതം ബാലസഭകളിലാണ് പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ വർഷം പരീക്ഷണാടിസ്ഥാനത്തിൽ ഒരു പഞ്ചായത്തിൽ ഒരു ബാലസഭയിൽ വീതം കൃഷി നടത്തിയത് മികച്ച വിജയമായിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് കൂടുതൽ കുട്ടികളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നത്. കുട്ടികൃഷിയുടെ ആദ്യ വിളവെടുപ്പ് വിഹിതം പ്രദേശത്തെ ഏതെങ്കിലും ആഗതി കുടുംബത്തിനാവും സമ്മാനിക്കുക. ബാലകൃഷി വീടുകളിൽ പ്രോത്സാഹിപ്പിക്കുക അതിലൂടെ കുട്ടികളിൽ കാർഷിക സംസ്‌കാരം, സാമൂഹികപ്രതിബദ്ധത തുടങ്ങിയവ വളർത്തിയെടുക്കുക എന്നിവയാണ് ലക്ഷ്യംവയ്ക്കുന്നത്.
കൈത്താങ്ങുമായി കുടുംബശ്രീ
ഒരു ബാലസഭയ്ക്ക് 2000 രൂപ വീതം അഞ്ച് സഭകളടങ്ങുന്ന സി.ഡി.എസിന് 10,000 രൂപയാണ് കുടുംബശ്രീ ജില്ലാ മിഷൻ നൽകുന്നത്. ഈ തുക ഉപയോഗിച്ച് കുടുംബശ്രീയുടെ തന്നെ ജൈവിക പ്ലാന്റ് നഴ്സറികളിൽ നിന്ന് വിത്ത്/ തൈകൾ, ചട്ടി/ ഗ്രോബാഗ്, വളം എന്നിവ വാങ്ങും. ഒരു ബാലസഭയ്ക്ക് ചുരുങ്ങിയത് 25 ചട്ടികളും ആവശ്യത്തിന് തൈകളും വളവും വാങ്ങാൻ സാധിക്കും. ജില്ലാ മിഷന് കീഴിലെ ബ്ലോക്ക് കോ ഓർഡിനേറ്റർമാർക്കാവും കൃഷിയുടെ മേൽനോട്ട ചുമതല. സഭയിലെ ഏതെങ്കിലും കുട്ടിയുടെ വീട്ടിലോ കൃഷിയോഗ്യമായ പൊതു ഇടങ്ങളിലോ കൃഷി നടത്താം.
ജില്ലയിൽ
1900 ബാലസഭകൾ
24000 കുട്ടികൾ
5 മുതൽ 18 വയസ് വരെയുള്ളവർ അംഗങ്ങൾ
കുട്ടികൾ കൃഷി ചെയ്ത് വിളവെടുക്കുന്ന പച്ചക്കറികളുടെ ഒരു പങ്ക് പഞ്ചായത്ത് പരിധിയിലെ അഗതി കുടുംബങ്ങൾക്ക് എത്തിച്ചു നൽകുമെന്നുള്ളതാണ് പദ്ധതിയുടെ പ്രത്യേകത. കുട്ടികളിൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം സാമൂഹിക പ്രതിബദ്ധതയും വളർത്താൻ സാധിക്കും
രേഷ്മ രവി, സോഷ്യൽ ഡവലപ്മെന്റ് ഡി.പി.എം, കുടുംബശ്രീ ജില്ലാ മിഷൻ