labour

ആലപ്പുഴ: എ.സി റോഡ് പുനർ നിർമ്മാണവുമായി ബന്ധപ്പെട്ട് ചൂട് രൂക്ഷമായ സമയങ്ങളിൽ പോലും തൊഴിലാളികളെ വെയിലത്ത് നിർത്തി ജോലി ചെയ്യിക്കുന്നുവെന്ന പരാതിയെ തുടർന്ന് ജില്ലാ ലേബർ എൻഫോഴ്സ്മെന്റ് വിഭാഗം ഇടപെട്ടു.

ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 3 വരെ തൊഴിലാളികളെ പുറത്ത് ജോലി ചെയ്യിപ്പിക്കരുതെന്ന് കരാർ കമ്പനിയായ യു. എൽ.സി.സി. എസിന് ലേബർ എൻഫോഴ്സ്മെന്റ് വിഭാഗം നിർദ്ദേശം നൽകി. ഇന്ന് മുതൽ സ്ഥലത്ത് കർശന പരിശോധനയുണ്ടാകുമെന്ന് ലേബർ ഓഫീസർ വ്യക്തമാക്കി. രാവിലെ 6 മുതൽ വൈകിട്ട് 6 വരെ പണി ചെയ്യാം. ചൂട് രൂക്ഷമാകുന്ന മൂന്ന് മണിക്കൂറാണ് കർശന ഇടവേള നൽകേണ്ടത്. നിർദ്ദേശം ലംഘിക്കുന്ന പക്ഷം നിയമനടപടികൾ സ്വീകരിക്കും. ജില്ലയിൽ മറ്റെവിടെയെങ്കിലും ചൂട് സമയത്ത് തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിക്കുന്നതായി പരാതി ഉയർന്നാൽ നടപടി സ്വീകരിക്കുമെന്നും ലേബർ ഓഫീസർ വ്യക്തമാക്കി.